Qatar
ഗള്‍ഫ് പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണണമെന്ന് ഇറ്റലി 
Qatar

ഗള്‍ഫ് പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണണമെന്ന് ഇറ്റലി 

Web Desk
|
20 Nov 2018 10:38 PM GMT

ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഇറ്റലിയിലെത്തി.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഇറ്റലി സന്ദര്‍ശനം ആരംഭിച്ചു. ഗള്‍ഫ് പ്രതിസന്ധിക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ഇറ്റലി ആവശ്യപ്പെട്ടു. പരസ്പരം കൂടിയിരുന്നുള്ള ചര്‍ച്ചകള്‍ മാത്രമാണ് പരിഹാരങ്ങള്‍ക്കുള്ള പോംവഴിയെന്നും ഇറ്റാലിയന്‍ പ്രസിഡന്‍റ് വ്യക്തമാക്കി. ഖത്തര്‍ അമീറിന്‍റെ ഇറ്റാലിയന്‍ സന്ദര്‍ശനത്തില്‍ വിവിധ ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ചയായി.

ഗള്‍ഫ് പ്രതിസന്ധിയുടെ പരിഹാരം ചര്‍ച്ചകളിലൂടെ മാത്രമേ സാധ്യമാകൂവെന്നാണ് ഇറ്റലി-ഖത്തര്‍ ഭരണാധികാരികള്‍ പറഞ്ഞത്. ഇന്നലെ ഇറ്റലി ആസ്ഥാനമായ റോമില്‍ നടന്ന ഉഭയ കക്ഷി ചര്‍ച്ചയിലാണ് ഇരു രാജ്യത്തിന്റെയും നേതാക്കള്‍ നയം വ്യക്തമാക്കിയത്. ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം റോമിലത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഇറ്റാലിയന്‍ പ്രസിഡന്‍റ് സെര്‍ജിയോ മതാറീലയുമായി കൂടിക്കാഴ്ച്ച നടത്തി. ഗള്‍ഫ് പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്ന് പിന്നീട് നടന്ന സംയുക്ത വാര‍്ത്താസമ്മേളനത്തില്‍ ഇറ്റാലിയന്‍ പ്രസിഡന്‍റ് പറഞ്ഞു.

ഒരുമിച്ചിരുന്നുള്ള ചര്‍ച്ചയാണ് പരിഹാരത്തിനുള്ള പോംവഴി. പ്രതിസന്ധിയുടെ തുടക്കം മുതല്‍ ഖത്തര്‍ ചര്‍ച്ചകള്‍ക്ക് സന്നദ്ധമാണെന്ന് അമീര്‍ വ്യക്തമാക്കി. തുടക്കത്തില്‍ സ്വീകരിച്ച അതെ നിലപാട് തന്നെയാണ് ഇക്കാര്യത്തില്‍ ഖത്തറിനുള്ളത്. ഫലസ്തീന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ നിലവിലെ പ്രതിസന്ധി ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഖത്തര്‍ ഗള്‍ഫ് മേഖലയിലെ നിര്‍ണയാക രാജ്യമായി മാറിക്കഴിഞ്ഞതായി ഇറ്റാലിയന്‍ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. 2022ലെ ദോഹ ലോക കപ്പോടു കൂടി ഖത്തറിന്റെ സാംസ്ക്കാരിക-കായിക ഭൂപടം മാറ്റി എഴുതപ്പെടും. വിദേശ തൊഴിലാളികള്‍ക്ക് ഖത്തര്‍ നല്‍കുന്ന മികച്ച സൗകര്യങ്ങള്‍ ആഗോള തലത്തില്‍ തന്നെ പ്രത്യേകം ശ്രദ്ധ നേടിയതായും അദ്ദേഹം വ്യക്തമാകി. അമീര്‍ ശൈഖ് തമീമിനോടുള്ള ആദര സൂചകമായി ഇറ്റാലിയന്‍ പ്രസിഡന്റ് പ്രത്യേകം അത്താഴ വിരുന്ന് ഒരുക്കി.

Similar Posts