ഇസ്രയേല്‍ പിന്‍വാങ്ങുന്നത് വരെ ഫലസ്തീനുമായുള്ള ഐക്യദാര്‍ഢ്യം തുടരുമെന്ന് ഖത്തര്‍ അമീര്‍
|പ്രശ്നത്തില്‍ ശാശ്വതവും സമഗ്രവുമായ പരിഹാരം വേണം. സ്വതന്ത്ര ഫലസ്തീന് രൂപീകരിക്കല്‍ മാത്രമാണ് പോംവഴി
ഗസയില്‍ നിന്നും ഇസ്രയേല്‍ പിന്‍വാങ്ങുന്നത് വരെ ഫലസ്തീനുമായുള്ള ഐക്യദാര്‍ഢ്യം തുടരുമെന്ന് ഖത്തര്‍ അമീര്‍. ഫലസ്തീന് ഐക്യദാർഢ്യ ദിനാചരണത്തോടനുബന്ധിച്ച് വിയന്നെയില് യു.എന്‍ സംഘടിപ്പിച്ച സമ്മേളനത്തിന് നല്കിയ സന്ദേശത്തിലാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി നിലപാട് വ്യക്തമാക്കിയത്.
ഗസാ മുനമ്പില്‍ നിന്ന് ഇസ്രയേല്‍ പട്ടാളം പിന്‍വാങ്ങുന്നത് വരെ ഫലസ്തീനുള്ള സഹായവും പിന്തുണയും ഖത്തര്‍ തുടരും. പ്രശ്നത്തില്‍ ശാശ്വതവും സമഗ്രവുമായ പരിഹാരം വേണം. സ്വതന്ത്ര ഫലസ്തീന് രൂപീകരിക്കല്‍ മാത്രമാണ് പോംവഴി. ഇതിനായി ക്രിയാത്മക ചര്‍ച്ചകള്‍ നടക്കണം. സമാധാന ശ്രമങ്ങള്‍ നിരന്തരമായി ലംഘിക്കുന്ന ഇസ്രയേല്‍ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. അല്‍ അഖ്സ മസ്ജിദിലേക്കുള്ള പ്രവേശനം പോലും തടയുന്ന ഇസ്രയേല്‍ നടപടി കടുത്ത മനുഷ്യാവകാശ ധ്വംസനമാണ്. അമീറിന്റെ അസാനിധ്യത്തില്‍ വിയന്നയിലെ ഖത്തറിന്റെ നയതന്ത്ര പ്രതിനിധി അബ്ദുള്ള ബിന്‍ നാസര്‍ അല്‍ ഫാഹിദാണ് സന്ദേശം വായിച്ചത്`