ഇന്ത്യയിലെ ആദ്യ ഖത്തര്‍ വിസാ കേന്ദ്രം ഡല്‍ഹിയില്‍ തുറന്നു
|ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ലക്നൌ കൊല്‍ക്കത്ത സെന്ററുകള്‍ അടുത്ത മാസത്തോടെ പ്രവര്‍ത്തനം തുടങ്ങും
ഇന്ത്യയില്‍ ഖത്തര്‍ തുടങ്ങുന്ന വിസാ കേന്ദ്രങ്ങളില്‍ ആദ്യത്തേത് നാളെ ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യും. ഖത്തറില്‍ തൊഴില്‍ ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ മുഴുവന്‍ വിസാ നടപടിക്രമങ്ങളും ഈ സെന്ററില്‍ വെച്ച് പൂര്‍ത്തീകരിക്കാം.
ഇന്ത്യയില്‍ ഏഴ് സംസ്ഥാനങ്ങളിലായി ഖത്തര്‍ തുടങ്ങുന്ന വിസാ സേവന കേന്ദ്രങ്ങളില്‍ ആദ്യത്തേതാണ് ഡല്‍ഹിയില്‍ നാളെ പ്രവര്‍ത്തനം തുടങ്ങുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള പ്രതിനിധികള്‍, ഇന്ത്യയിലെ ഖത്തര്‍ സ്ഥാനപതി ഉള്‍പ്പെടെയുള്ള ഉന്നത വ്യക്തിത്വങ്ങള്‍ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.
ഇതോടെ ഡല്‍ഹിയില്‍ നിന്നും സമീപ സംസ്ഥാനങ്ങളില്‍ നിന്നും ഖത്തറില്‍ ജോലി നോക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ മുഴുവന്‍ വിസാ നടപടിക്രമങ്ങളും ഈ സെന്ററില്‍ വെച്ച് തന്നെ പൂര്‍ത്തീകരിക്കാം.
കരാര്‍ ഒപ്പുവെക്കല്‍, സര്‍ട്ടിഫിക്കറ്റ് പരിശോധനകള്‍, മെഡിക്കല്‍ പരിശോധന, ഫിംഗര്‍ പ്രിന്റ് തുടങ്ങി സേവനങ്ങളെല്ലാം ഡല്‍ഹിയിലെ വിസാ സെന്ററില്‍ ലഭ്യമാകും. അറബിക് ഇംഗ്ലീഷ് ഭാഷകളെ കൂടാതെ ഹിന്ദിയിലും ഈ സെന്ററില്‍ സേവനം ലഭ്യമാകും.
ഡല്‍ഹിക്ക് പിറകെ മുംബൈയിലെ സെന്റര്‍ വ്യാഴാഴ്ച്ചയും പ്രവര്‍ത്തനം തുടങ്ങും. തുടര്‍ന്ന് ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ലക്നൌ കൊല്‍ക്കത്ത സെന്ററുകളും അടുത്ത മാസത്തോടെ പ്രവര്‍ത്തനം തുടങ്ങും.
ഖത്തറില്‍ തൊഴില്‍ തേടുന്നവര്‍ക്കും കമ്പനികള്‍ക്കും ഒരേ പോലെ സൌകര്യപ്രദമാണ് വിസ സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം. വിസാ നടപടിക്രമങ്ങള്‍ എളുപ്പമാക്കുക, വിസാ തട്ടിപ്പുകള്‍ തടയുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഖത്തര്‍ കഴിഞ്ഞ വര്‍ഷം വിസാകേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചത്. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളമ്പോയില്‍ കഴിഞ്ഞ ഒക്ടബോറില്‍ ആദ്യ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു