World
എലിസബത്ത് രാജ്ഞിക്കു വിട
World

എലിസബത്ത് രാജ്ഞിക്കു വിട

Web Desk
|
8 Sep 2022 5:54 PM GMT

ഏറ്റവും ദീർഘകാലം ബ്രിട്ടീഷ് രാജസിംഹാസനത്തിലിരുന്ന അപൂർവനേട്ടത്തിനുടമയാണ് വിടപറയുന്നത്

ലണ്ടൻ: എലിസബത്ത് രാജ്ഞി ഇനി ചരിത്രം. ഏറ്റവും ദീർഘകാലം ബ്രിട്ടീഷ് രാജസിംഹാസനത്തിലിരുന്ന അപൂർവനേട്ടത്തിനുടമയായ രാജ്ഞിക്ക് അന്ത്യം. 96 വയസായിരുന്നു. സ്‌കോട്ട്‌ലൻഡിലെ ബെൽമോർ കൊട്ടാരത്തിലായിരുന്നു അന്ത്യം.

മരണം ബ്രിട്ടീഷ് രാജകുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യനില മോശമായതിനെ തുടർന്ന് കുറച്ചു ദിവസമായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു എലിസബത്ത്. ഇന്നു വൈകീട്ടോടെയാണ് രാജ്ഞിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് വാർത്തകൾ പുറത്തുവന്നത്. ബ്രിട്ടീഷ് പ്രധാനന്ത്രി ലിസ് ട്രസ് പാർലമെന്റിലാണ് വിവരം പുറത്തുവിട്ടത്.

2015ലാണ് എലിസബത്ത് രാജ്ഞി ഏറ്റവും ദീർഘമായ കാലം ബ്രിട്ടനെ ഭരിച്ച ഭരണാധികാരിയെന്ന റെക്കോർഡിനുടമയാകുന്നത്. മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയെ മറികടന്നായിരുന്നു അവർ ഈ നേട്ടം സ്വന്തമാക്കിയത്. ഈ വർഷം ലോകത്തെ ഏറ്റവും ദീർഘകാലം ഒരു ഭരണത്തെ നയിച്ച രണ്ടാമത്തെ വ്യക്തിയുമായി അവർ. കഴിഞ്ഞ ജൂണിലാണ് അവരുടെ അധികാരാരോഹണത്തിന്റഘെ 70-ാം വാർഷികം ബ്രിട്ടൻ രാജോചിതമായി ആഘോഷിച്ചത്.

1926 ഏപ്രിൽ 21ന് ജോർജ് അഞ്ചാമന്റെ ഭരണകാലത്ത് ജോർജ് ആറാമന്റെയും എലിസബത്ത് രാജ്ഞിയുടെയും മകളായാണ് ജനനം. എലിസബത്ത് അലെക്‌സാണ്ട്ര മേരി വിൻഡ്‌സർ എന്നാണ് മുഴുവൻ പേര്. 1947 നവംബർ 20ന് എലിസബത്തും ഗ്രീക്ക്-ഡാനിഷ് രാജകുടുംബാംഗമായ ഫിലിപ്പ് രാജകുമാരനും വിവാഹിതരായി. 1952 ഫെബ്രുവരി ആറിന് 26-ാം വയസിലാണ് എലിസബത്ത് ബ്രിട്ടന്റെ അധികാരത്തിലേറുന്നത്. 1953 ജൂൺ രണ്ടിന് കിരീടധാരണം നടന്നു. ആദ്യമായി തത്സമയം പ്രക്ഷേപണം ചെയ്യപ്പെട്ട കിരീടധാരണം കൂടിയായിരുന്നു അത്. 2,70,00,000 പേര്‍ ബ്രിട്ടനിൽ കിരീടധാരണം തത്സമയം കണ്ടു.

2021 ഏപ്രിൽ ഒമ്പതിന് ഭര്‍ത്താവ് ഫിലിപ്പ് അന്തരിച്ചു. അടുത്ത രാജാവായ ചാൾസ്, ആനി, ആൻഡ്രൂ, എഡ്വാർഡ് എന്നിവരാണ് മക്കൾ.

Summary: Queen Elizabeth II, Britain's longest-serving monarch, dies at 96

Related Tags :
Similar Posts