India
കാർഷിക നിയമങ്ങളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസിന്റെ ബുക്‌ലെറ്റ്; രാഹുൽ ഗാന്ധി പ്രകാശനം ചെയ്തു
India

കാർഷിക നിയമങ്ങളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസിന്റെ ബുക്‌ലെറ്റ്; രാഹുൽ ഗാന്ധി പ്രകാശനം ചെയ്തു

|
19 Jan 2021 10:27 AM GMT

കർഷകർക്കൊപ്പം രാജ്യത്തിന്റെ ഭാവി വാഗ്‌ദാനങ്ങളായ യുവജനങ്ങൾക്ക് കൂടിയുള്ളതാണ് കോൺഗ്രസിന്റെ പോരാട്ടമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ബി.ജെ.പി സർക്കാരിന്റെ കാർഷിക നിയമങ്ങളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് ബുക്‌ലെറ്റ് പുറത്തിറക്കി. "ഇന്ത്യൻ കാർഷിക മേഖലയുടെ ഹത്യ" എന്ന പേരിൽ തയ്യാറാക്കിയിരിക്കുന്ന ബുക്‌ലെറ്റിന്റെ പ്രകാശനം ഡൽഹിയിലെ കോൺഗ്രസ് ഹെഡ് ക്വാർട്ടേഴ്സിൽ വെച്ച് രാഹുൽ ഗാന്ധിയാണ് നിർവഹിച്ചത്. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ ഇന്ത്യൻ കാർഷിക മേഖലയെ തകർക്കും എന്ന് ചടങ്ങിൽ സംസാരിക്കവെ രാഹുൽ ഗാന്ധി പറഞ്ഞു. കർഷകർക്കൊപ്പം രാജ്യത്തിന്റെ ഭാവി വാഗ്‌ദാനങ്ങളായ യുവജനങ്ങൾക്ക് കൂടിയുള്ളതാണ് കോൺഗ്രസിന്റെ പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"രാജ്യത്ത് വലിയൊരു ദുരന്തം നടക്കുകയാണ്. കേന്ദ്ര സർക്കാർ ഇതിനെ അവഗണിക്കുകയും, രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയാണ്. കർഷകർ മാത്രമല്ല പ്രശ്നങ്ങൾ നേരിടുന്നത് എന്നറിയാം. അതുകൊണ്ട് കർഷകർക്ക് വേണ്ടി മാത്രമല്ല ഞങ്ങൾ പോരാടുന്നത്. യുവജനങ്ങൾക്കും ഇത് പ്രധാനമാണ്. ഇത് നിലവിലുള്ളതിനെക്കുറിച്ചല്ല, ഭാവിയെക്കുറിച്ച്‌ കൂടിയാണ് '' രാഹുൽ ഗാന്ധി പറഞ്ഞു.

''ഞാൻ ഒരോ കർഷകരെയും പിന്തുണക്കുകയാണ്. അവർ പോരാടുന്നത് നമുക്ക് കൂടിയാണ്. അതുകൊണ്ട് ഒരോ വ്യക്തിയും അവരെ പിന്തുണക്കേണ്ടതുണ്ട്. ഈ പ്രശ്നങ്ങൾക്ക് പ്രതിവിധി ഒന്നേയുള്ളൂ. സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കണം.'' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീം കോടതിയെ കുറിച്ച് പ്രത്യേകിച്ചൊന്നും പറയുന്നില്ലെന്നും, എന്താണ് സുപ്രീം കോടതി ചെയ്യുന്നതെന്ന് രാജ്യത്തെ ജനങ്ങൾക്ക് കാണാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts