Sports
അശ്വിന്‍റെ അശ്വമേധം; ചെന്നൈയെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ പ്ലേ ഓഫില്‍
Sports

അശ്വിന്‍റെ അശ്വമേധം; ചെന്നൈയെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ പ്ലേ ഓഫില്‍

Web Desk
|
20 May 2022 3:55 PM GMT

മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ അഞ്ച് വിക്കറ്റിന് ചെന്നൈയെ തകര്‍ത്താണ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ പ്ലേ ഓഫ് പ്രവേശനം ആഘോഷമാക്കിയത്.

കണക്കുകളെ ആശ്രയിച്ച് പ്ലേ ഓഫിലെത്താന്‍ കാത്തിരിക്കാതെ ജയത്തോടെ പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ അഞ്ച് വിക്കറ്റിന് ചെന്നൈയെ തകര്‍ത്താണ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ പ്ലേ ഓഫ് പ്രവേശനം ആഘോഷമാക്കിയത്. ചെന്നൈ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം 19 .4 ഓവറിലാണ് രാജസ്ഥാന്‍ മറികടന്നത്.

ഓപ്പണര്‍ യശസ്വി ജൈസ്വാളിന്‍റെയും രവിചന്ദ്ര അശ്വിന്‍റെയും ബാറ്റിങാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. ഓപ്പണര്‍ ബട്‍ലറെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ട രാജസ്ഥാന് വേണ്ടി ജൈസ്വാളും സഞ്ജു സാംസണും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 15 റണ്‍സെടുത്ത സഞ്ജുവിന്‍റെ വിക്കറ്റ് വീണതിന് പിന്നാലെ ദേവ്ദത്ത് പടിക്കലും പെട്ടെന്ന് മടങ്ങിയതോടെ രാജസ്ഥാന്‍ പ്രതിസന്ധിയിലായി.

പിന്നീട് ജൈസ്വാളിന് കൂട്ടായി അശ്വിന്‍ കൂടിയെത്തിയതോടെ കളി മാറി. സ്കോറിങ് നിരക്ക ് അതിവേഗം കുതിച്ചു. എന്നാല്‍ ടീം സ്കോര്‍ 104 ലെത്തിയപ്പോള്‍ ജൈസ്വാള്‍ വീണു. 44 പന്തില്‍ എട്ട് ബൌണ്ടറിയും ഒരു സിക്സറും പറത്തിയാണ് ജൈസ്വാള്‍ 59 റണ്‍സെടുത്തത്.

എട്ട് റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ വെടിക്കെട്ട് താരം ഹെറ്റ്മെയറും കൂടാരം കയറി. രാജസ്ഥാന്‍ ക്യാമ്പില്‍ തോല്‍വി മണത്തെങ്കിലും അശ്വിനും റിയാന്‍ പരാഗും ചേര്‍ന്ന് അധികം നഷ്ടം വരുത്താതെ ടീമിനെ വിജയതീരത്തെത്തിച്ചു. 23 പന്തില്‍ രണ്ട് ബൌണ്ടറിയും മൂന്ന് സിക്സറുമുള്‍പ്പടെ 40 റണ്‍സോടെ അശ്വിന്‍ പുറത്താകാതെ നിന്നു.

നേരത്തെ വെടിക്കെട്ട് പ്രകടനത്തോടെ തുടങ്ങിയിട്ടും അവസാന ഓവറുകളില്‍ ആ മികവ് ആവര്‍ത്തിക്കാതിരുന്നപ്പോള്‍ ചെന്നൈക്ക് ഭേദപ്പെട്ട സ്കോര്‍ മാത്രമാണ് നേടാനായത്. നിശ്ചിത 20 ഓവറില്‍ ചെന്നൈ ഇന്നിങ്സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 150 ന് അവസാനിച്ചു.

തൃശൂര്‍ പൂരത്തെ വെല്ലുന്ന മുഈന്‍ അലിയുടെ ബാറ്റിങ് വെടിക്കെട്ടോടെയാണ് ചെന്നൈയുടെ ഇന്നിങ്സ് തുടങ്ങിയത്. രാജസ്ഥാനെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍കിങ്സിന് രണ്ട് റണ്‍സിന് ഓപ്പണര്‍ ഗെയ്ക്വാദിന്‍റെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ ചെന്നൈ പിന്നീട് കളി ടോപ് ഗിയറിലേക്ക് ഷിഫ്റ്റ് ചെയ്യുകയായിരുന്നു. ചെന്നൈ സൂപ്പര്‍കിങ്സിന്‍റെ ബാറ്റിങ് വെടിക്കെട്ടിനാണ് ബ്രാബോണ്‍ സ്റ്റേഡിയം പിന്നീട് സാക്ഷിയായത്.

ആറാം ഓവറില്‍ രാജസ്ഥാന്‍റെ സ്ട്രൈക്ക് ബൌളര്‍ ട്രെന്‍ഡ് ബോള്‍ട്ടിനെ അക്ഷരാര്‍ത്ഥത്തില്‍ മുഈന്‍ അലി പഞ്ഞിക്കിട്ടു. അഞ്ച് ബൌണ്ടറിയും ഒരു പടുകൂറ്റന്‍ സിക്സറുമാണ് മുഈന്‍ അലിയുടെ ബാറ്റില്‍ നിന്ന് ആ ഓവറില്‍ പിറന്നത്. 19 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച മുഈന്‍ അലി ഈ ഐ.പി.എല്ലിലെ തന്നെ വേഗതയേറിയ രണ്ടാം അര്‍ധസെഞ്ച്വറിയാണ് സ്വന്തം പേരിലാക്കിയത്.നേരത്തെ ആദ്യത്തെ ഓവറിലെ അവസാന പന്തിലാണ് ചെന്നൈക്ക് ഓപ്പണര്‍ ഗെയ്ക്വാദിന്‍റെ വിക്കറ്റ് നഷ്ടപ്പെടുന്നത്. ട്രെന്‍റ് ബോള്‍ട്ടിന്‍റെ പന്തില്‍ സഞ്ജു സാംസണ് ക്യാച്ച് നല്‍കിയാണ് ഗെയ്ക്വാദ് പുറത്തായത്. പിന്നാലെ വണ്‍ഡൌണായെത്തിയ മുഈന്‍ അലി കളിയുടെ കടിഞ്ഞാണ്‍ ഏറ്റെടുക്കുകയായിരുന്നു. മുഈന്‍ അലിക്ക് മികച്ച പിന്തുണ കൊടുത്ത ഡെവോണ്‍ കോണ്‍വേ 14 പന്തില്‍ 16 റണ്‍സെടുത്ത് പുറത്തായി. ഇരുവരും ചേര്‍ന്ന് 83 റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പ് ആണ് പടുത്തുയര്‍ത്തിയത്.

കോണ്‍വേയുടെ വിക്കറ്റ് വീണതിന് പിന്നാലെ ജഗദീഷന്‍റേയും അമ്പാട്ടി റായിഡുവും വിക്കറ്റ് തുടരെ വീണു. ചെന്നൈ പ്രതിരോധത്തിലായി. ടീം സ്കോര്‍ 95 ന് നാലെന്ന നിലയിലേക്ക് ചെന്നൈ വീണു. പിന്നീടെത്തിയ ധോണിയുടെ സ്ലോ ഇന്നിങ്സ് കൂടിയായപ്പോള്‍ ടീം വീണ്ടും സമ്മര്‍ദത്തിലായി. പത്ത് ഓവറില്‍ 95 ഉണ്ടായിരുന്ന ടീം സ്കോര്‍ പിന്നീട് ഇഴഞ്ഞു. ടോപ് ഗിയറിലുണ്ടായിരുന്ന മുഈന്‍ അലിയുടെ സ്ട്രൈക് റേറ്റും കുറഞ്ഞു. 19 ആം ഓവറില്‍ ടീം സ്കോര്‍ 146 ല്‍ എത്തിയതോടെ ധോണി വീണു. 28 പന്തില്‍ 26 റണ്‍സുമായാണ് ധോണി മടങ്ങിയത്. സെഞ്ച്വറിയിലേക്ക് കുതിച്ച മുഈന്‍ അലിയും തൊട്ടടുത്ത പന്തില്‍ വീണു. 57 പന്തില്‍ 13 ബൌണ്ടറിയും മൂന്ന് സിക്സറുമുള്‍പ്പടെ 93 റണ്‍സെടുത്ത ശേഷമാണ് മുഈന്‍ അലിയുടെ വിക്കറ്റ് നഷ്ടപ്പെട്ടത്.

Similar Posts