ചെമ്പ് വേണ്ട, പാത്രങ്ങൾ വേണ്ട; കുക്കറിൽ ഈസിയായി ചിക്കന്‍ ബിരിയാണിയുണ്ടാക്കാം
|അധ്വാനം ആലോചിച്ച് സ്വന്തമായി ബിരിയാണി തയാറാക്കാൻ മടിക്കുന്നവർ നിരവധിയാണ്. അവര്‍ക്കായി വളരെ എളുപ്പത്തിൽ മിനിറ്റുകൾകൊണ്ട് ബിരിയാണി തയാറാക്കാൻ ഒരു വിദ്യയുണ്ട്
ബിരിയാണി കഴിക്കാൻ കൊതിയില്ലാത്തവർ ആരുണ്ട്!? ഒരു പ്ലേറ്റിൽ ബിരിയാണി മുന്നിൽവന്നു നിന്നാൽ ആർക്കും ക്ഷമയുണ്ടാകില്ല. എന്നാൽ, അധ്വാനം ആലോചിച്ച് സ്വന്തമായി ബിരിയാണി തയാറാക്കാൻ മടിക്കുന്നവർ നിരവധിയാണ്.
അവര്‍ക്കായി വളരെ എളുപ്പത്തിൽ മിനിറ്റുകൾകൊണ്ട് ബിരിയാണി തയാറാക്കാൻ ഒരു വിദ്യയുണ്ട്. പ്രഷർ കുക്കറിൽ ഒരു ബിരിയാണി! വലിയ ചെമ്പോ പാത്രങ്ങളോ ഒന്നും വേണ്ട. പ്രഷർ കുക്കറിൽ തന്നെ ഈസിയായി ബിരിയാണി ഉണ്ടാക്കാം.
എന്തെല്ലാം വേണം?
ബിരിയാണി അരി- നാല് കപ്പ്
ചിക്കൻ(ഇടത്തരം സൈസിൽ മുറിച്ചുവച്ചത്)- ഒരു കിലോ
വെള്ളം- ആറു കപ്പ്
സവാള(അരിഞ്ഞത്)- വലുത് മൂന്നെണ്ണം
തക്കാളി-വലുത് ഒന്ന്
മുളകുപൊടി- ഒരു ടീ സ്പൂൺ
ഗരം മസാല-ഒരു ടീ സ്പൂൺ
മഞ്ഞൾപ്പൊടി-അര ടീ സ്പൂൺ
നെയ്യ്- രണ്ട് ടേബിൾ സ്പൂൺ
വെളിച്ചെണ്ണ-ഒരു ടേബിൾ സ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- രണ്ട് ടേബിൾ സ്പൂൺ
ഏലക്കായ-മൂന്നെണ്ണം
പട്ട-ഒരു കഷണം
ഗ്രാമ്പൂ-മൂന്നെണ്ണം
മല്ലി, പൊതീന-അര കപ്പ്
നാരങ്ങാനീര്-ഒരു ടീ സ്പൂൺ
എങ്ങനെ തയാറാക്കാം?
ആദ്യം അരി വെള്ളത്തിൽ നന്നായി കഴുകി തോർത്ത് വയ്ക്കുക. ഇതിനിടയിൽ ചിക്കനിൽ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് നന്നായി ഇളക്കിച്ചേർക്കുക. മസാല പൂർണമായും ചിക്കനിൽ പിടിക്കാൻ പത്തു മിനിറ്റ് നേരം ഒരു പാത്രത്തിൽ സൂക്ഷിക്കുക.
അടുത്തത് കുക്കർ സ്റ്റൗവിൽ വച്ച് ചൂടാക്കുക. ചൂടായിക്കഴിഞ്ഞാൽ കുക്കറിലേക്ക് എണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പൂ, എലയ്ക്ക എന്നിവ ചേർക്കുക. ശേഷം നേരത്തെ അരിഞ്ഞുവച്ച സവാള കൂടി കുക്കറിലേക്ക് ഇട്ട് നന്നായി വഴറ്റിയെടുക്കുക. സവാള പെട്ടെന്ന് വഴന്നുകിട്ടാൻ വേണമെങ്കിൽ ഉപ്പ് ചേർക്കാം.
റെഡിയായാൽ അതിലേക്ക് മസാല ചേർത്തുവച്ച ചിക്കനിടുക. ഒപ്പം തന്നെ വെള്ളമൊഴിച്ചുകൊടുക്കുക. ശേഷം നെയ്യും ഗരം മസാലയും മല്ലി, പൊതീനയുമെല്ലാം ചേർക്കുക.
എല്ലാംകൂടി തിളച്ചുവരുമ്പോൾ അരി ഇട്ടുകൊടുക്കുക. ശേഷം ഫുൾ ഫ്‌ളെയ്മിൽ കുക്കർ അടച്ചുവയ്ക്കുക. ഒറ്റ വിസിൽ മാത്രം വന്നാൽ മതി. ഓഫ് ചെയ്യുക. പത്തു മിനിറ്റു നേരം കാത്ത് പ്രഷർ മുഴുവൻ പോയെന്ന് ഉറപ്പാക്കി കുക്കർ തുറക്കുക. പാത്രത്തിലേക്ക് മാറ്റി ആസ്വദിച്ചുകഴിക്കാം.
Summary: How to make Biryani in pressure cooker?