India
സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ല; 3-2ന് ഹരജികള്‍ തള്ളി സുപ്രിംകോടതി
India

'സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ല'; 3-2ന് ഹരജികള്‍ തള്ളി സുപ്രിംകോടതി

Web Desk
|
17 Oct 2023 5:59 AM GMT

ജസ്റ്റിസുമാരായ ഹിമ കോലി, രവീന്ദ്ര ഭട്ട്, പി.എസ് നരസിംഹ എന്നിവരാണു ഹരജിയെ എതിര്‍ത്തത്. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗൾ ഹരജിക്കാര്‍ക്ക് അനുകൂലമായ നിലപാടെടുത്തു

ന്യൂഡൽഹി: രാജ്യത്ത് സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ല. നിയമസാധുത തേടിക്കൊണ്ടുള്ള ഒരുകൂട്ടം ഹരജികള്‍ തള്ളി സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഉള്‍പ്പെടെ രണ്ട് അംഗങ്ങള്‍ ഹരജിക്കാരെ അനുകൂലിച്ചെങ്കിലും മൂന്നുപേര്‍ എതിര്‍ക്കുകയായിരുന്നു.

ജസ്റ്റിസുമാരായ ഹിമ കോലി, രവീന്ദ്ര ഭട്ട്, പി.എസ് നരസിംഹ എന്നിവരാണു ഹരജിയെ എതിര്‍ത്തത്. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗൾ ഹരജിക്കാരെ അനുകൂലിച്ച് സ്വവര്‍ഗ പങ്കാളികള്‍ക്കും വിവാഹം കഴിക്കാനുള്ള അവകാശമുണ്ടെന്ന നിലപാടെടുത്തു. നിയമം ഇല്ലാത്തതിനാൽ സ്വവര്‍ഗാനുരാഗികള്‍ക്കു വിവാഹം കഴിക്കാന്‍ സർക്കാർ നിയമസാധുത നൽകണമെന്ന ഹരജിക്കാരുടെ ആവശ്യം നിലനിൽക്കില്ലെന്ന് രവീന്ദ്ര ഭട്ട് വ്യക്തമാക്കി. എന്നാല്‍, പങ്കാളിയെ കണ്ടെത്തുക എന്നത് മാനുഷിക ആവശ്യമാണെന്നും മൗലികാവകാശങ്ങൾ പൗരന്മാരെ സംരക്ഷിക്കാനുള്ളതാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

മേയ് 11നു വാദം പൂർത്തിയാക്കിയ ഹരജികളിലാണ് അഞ്ചു മാസത്തിനുശേഷം കോടതി വിധി പറഞ്ഞത്. ഹരജികളില്‍ ഹിമ കോലി അല്ലാത്തവരെല്ലാം ഇന്നു പ്രത്യേക വിധിപ്രസ്താവം നടത്തി.

സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട വിധിപ്രസ്താവം തുടങ്ങിയത് ചീഫ് ജസ്റ്റിസായിരുന്നു. ഇക്കാര്യത്തില്‍ ബെഞ്ചിന് ഏകീകൃത വിധിയില്ലെന്നും നാല് വിധികളുണ്ടെന്നും വിധികളില്‍ യോജിപ്പും വിയോജിപ്പുമെല്ലാമുണ്ടെന്നും അറിയിച്ചാണ് ജ. ഡി.വൈ ചന്ദ്രചൂഡ് തുടങ്ങിയത്. കോടതിക്കു നിയമം ഉണ്ടാക്കാനാകില്ല. നിയമം വ്യാഖ്യാനിക്കാനേ കഴിയൂവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പിന്നീട് ഹരജിക്കാരെ അനുകൂലിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിലപാട് വ്യക്തമാക്കി.

സ്വവർഗ ലൈംഗികത നഗരകേന്ദ്രീകൃത, വരേണ്യവര്‍ഗത്തിന്‍റെ സങ്കൽപമാണെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ചീഫ് ജസ്റ്റിസ് തള്ളി. വിവാഹം സ്ഥിരവും മാറ്റം ഇല്ലാത്തതും ആണെന്ന നിലപാട് തെറ്റാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സ്വവർഗ വിവാഹം അംഗീകരിക്കുന്നെന്നു വ്യക്തമാക്കിയ ജ. ചന്ദ്രചൂഡ് പങ്കാളിയെ കണ്ടെത്തുക എന്നത് മാനുഷിക ആവശ്യമാണെന്നും മൗലികാവകാശങ്ങൾ പൗരന്മാരെ സംരക്ഷിക്കാനുള്ളതാണെന്നും നിരീക്ഷിച്ചു. പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തിനു മാത്രം അംഗീകാരം നൽകുന്ന പ്രത്യേക വിവാഹ നിയമത്തിലെ സെക്ഷൻ നാലിനോട് ചീഫ് ജസ്റ്റിസ് എതിർപ്പറിയിക്കുകയും ചെയ്തു. എന്നാൽ, പ്രത്യേക വിവാഹനിയമം റദ്ദാക്കാൻ കോടതിക്കാകില്ലെന്നും വ്യക്തമാക്കി.

സ്‌പെഷ്യൽ മാര്യേജ് ആക്ടിൽ മാറ്റം വരുത്തേണ്ടത് പാർലമെന്റാണ്. പാർലമെന്റ് ഇതുവരെ ഇക്കാര്യത്തിൽ നിയമ നിർമാണം നടത്തിയിട്ടില്ല. സ്‌പെഷ്യൽ മാരേജ് ആക്ടിൽ സെക്ഷൻ 4 ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സ്വവർഗ ലൈംഗികത ഉയർന്ന ജീവിത നിലവാരം ഉള്ള ആളുകൾക്ക് മാത്രം അവകാശപ്പെട്ടതല്ല. സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർക്കും അതിനു അവകാശമുണ്ട്. സ്വവര്‍ഗാനുരാഗികള്‍ വിവേചനം നേരിടുന്നില്ലെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചിട്ടുണ്ട്.

Summary: Same-sex marriage Supreme Court verdict

Similar Posts