ദമ്മാമില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി പണംതട്ടുന്ന സംഘം സജീവം
|മലയാളി ജീവനക്കാരെ കത്തികൊണ്ട് കുത്തിപണം കവരുന്ന സംഘത്തിന്റെ ദൃശ്യങ്ങള്‍ മീഡിയവണിന്.
സൌദിയിലെ ദമ്മാം നഗരത്തിൽ കടയില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി പണംതട്ടുന്ന സംഘം സജീവമാകുന്നു. ബഖാലകള്‍ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ ആക്രമണം. മലയാളി ജീവനക്കാരെ കത്തികൊണ്ട് കുത്തി
പണം കവരുന്ന സംഘത്തിന്റെ ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
ഇത് ദമ്മാമിലെ ബഖാലയില്‍ നിന്നും ലഭിച്ച ദൃശ്യം. കാറിലെത്തുന്ന സംഘമാണ് കത്തി കാട്ടി ഭീഷണിപ്പെടുത്തുന്നത്. എതിര്‍ത്താല്‍ കത്തി കൊണ്ട് കുത്തും. പ്രതിരോധിച്ചാല്‍ ആക്രമിക്കും. പണമെടുത്ത് ഉടനടി കാറില്‍ മടക്കം. പരിക്കേറ്റത് മലയാളിക്ക്.
ഒന്നിലധികം പേരുള്ള സംഘമാണ് ആളൊഴിഞ്ഞ സമയം നോക്കി കൊള്ളക്കെത്തുന്നത്. ഇത് രണ്ടാമത്തെ സംഭവം. എതിര്‍ത്തയുടനെ കടയിലെ ജീവനക്കാരന്റെ കഴുത്തില്‍ മുറിവേല്‍പ്പിച്ചു. ജീവനക്കാരന്‍ പുറത്തേക്കൊടിയതോടെ പണമെടുത്ത് മടക്കം. കുത്തേറ്റത് ഇവിടെയും മലയാളിക്ക്.
രണ്ട് സംഭവങ്ങളിലും പരിക്കേറ്റവര്‍ ചികിത്സയിലാണ്. പൊലീസ് അന്വേഷണം തുടരുന്നുണ്ട്. മുഖം മറച്ചെത്തുന്നത് സമാനസംഘമാണെന്ന് സൂചനയുണ്ട്. ഒന്നിലേറെപ്പേര്‍ ഒരുമിച്ചാണ് ആസൂത്രണം. സംഭവത്തോടെ ഭീതിയിലാണ് കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികള്‍.