ഇറാനെതിരായ ഉപരോധം ശക്തമാക്കും; യു.എസ് സംഘം ഗൾഫിലേക്ക്
|അമേരിക്കയുടെ സമ്മർദത്തെ തുടർന്ന് ഇറാനെ വിലകുറച്ചു കാണാൻ ആരും തുനിയരുതെന്നും റൂഹാനി പ്രതികരിച്ചു.
ഗൾഫ് രാജ്യങ്ങളുടെ പിന്തുണയോടെ ഇറാനെതിരായ ഉപരോധം ശക്തമാക്കാനുറച്ച് അമേരിക്ക. ഇതിന്റെ ഭാഗമായി ഉന്നതതല അമേരിക്കൻ സംഘം ഈ ആഴ്ച ഗൾഫിലെത്തും. ഉപരോധം അടിച്ചേൽപിച്ചാൽ മേഖലയിലെ എണ്ണ ഉൽപാദക രാജ്യങ്ങൾക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകി.
യു.എസ് സ്റ്റേറ്റ് ഡിപാർട്ട്മെൻറ് നയ, ആസൂത്രണ വിഭാഗം ഡയറക്ടർ ബ്രിയാൻ ഹൂക്, ട്രഷറി അണ്ടർ സെക്രട്ടറി സിഗാൽ മണ്ടേൽക്കർ എന്നിവരുടെ നേതൃത്വത്തിലായിരിക്കും അമേരിക്കൻ സംഘത്തിന്റെ ഗൾഫ് സന്ദർശനം. ഇറാനുമായുള്ള വൻശക്തികളുടെ ആണവ കരാറിൽ നിന്ന് മെയ് എട്ടിനാണ് അമേരിക്ക പിൻവാങ്ങിയത്. ഈ സാഹചര്യത്തിൽ കടുത്ത ഉപരോധ നടപടികളുമായി മുന്നോട്ടു പോകാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.
സൗദി തലസ്ഥാനമായ റിയാദിലും യു.എ.ഇ തലസ്ഥാനമായ അബൂദബിയിലുമായിരിക്കും സംഘത്തിന്റെ സന്ദർശനം എന്നാണ് വിവരം. പശ്ചിമേഷ്യയിലെ രാജ്യങ്ങൾക്കു പുറമെ യൂറോപ്യൻ രാജ്യങ്ങളെയും അനുനയിച്ച് ഇറാനു മേൽ കടുത്ത ഉപരാധ നടപടികൾ സ്വീകരിക്കാനാണ് യു.എസ് നീക്കം. ഇറാന്റെ ഓട്ടോമെോട്ടീവ്, വാണിജ്യം എന്നിവക്കു മേൽ ആഗസ്റ്റ് ആറോടെ ഉപരോധം ഏർപ്പെടുത്താനാണ് അമേരിക്ക ആലോചിക്കുന്നത്. നവംബർ നാലോടെ എണ്ണ ഉൾപ്പെടെ ഇറാന്റെ ഊർജ മേഖലക്കു മേലും ഉപരോധം നടപ്പാക്കാനാണ് തീരുമാനം.
അതേസമയം എണ്ണ വരുമാനം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായാൽ മേഖലയിലെ എണ്ണ ഉൽപാദക രാജ്യങ്ങളെ വിടില്ലെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി മുന്നറിയിപ്പ് നൽകി. സ്വിറ്റ്സർലൻറിലെ സന്ദർശന വേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയുടെ സമ്മർദത്തെ തുടർന്ന് ഇറാനെ വിലകുറച്ചു കാണാൻ ആരും തുനിയരുതെന്നും റൂഹാനി പ്രതികരിച്ചു.