സൗദിയില്‍ ലേബര്‍ ക്യാമ്പ് തൊഴിലാളികളെ പോസ്റ്റ് പെയ്ഡ് സിം നല്‍കി കബളിപ്പിക്കുന്നു
|റിയാദിലെ ചില ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികളാണ് ഉപയോഗ ശേഷം സിം പോസ്റ്റ് പെയ്ഡാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ഉപയോഗത്തിന് വലിയ തുക കൊടുക്കേണ്ട ഗതികേടിലായി തൊഴിലാളികള്‍.
സൗദിയില്‍ ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികളെ ഏജന്റുമാര്‍ നല്‍കി കബളിപ്പിക്കുന്നു. റിയാദിലെ ചില ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികളാണ് ഉപയോഗ ശേഷം സിം പോസ്റ്റ് പെയ്ഡാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ഉപയോഗത്തിന് വലിയ തുക കൊടുക്കേണ്ട ഗതികേടിലായി തൊഴിലാളികള്‍.
മുന്തിയ ഇന്റര്‍നെറ്റ്, കോളിങ് ഓഫറുകള്‍ നല്‍കിയാണ് ചില ഏജന്റുമാര്‍ തൊഴിലാളി ക്യാമ്പുകളില്‍ എത്തുന്നത്. മൂന്ന് മാസം വരെ സൌജന്യമായി ഒരേ നെറ്റ് വര്‍ക്കില്‍ വിളിക്കാമെന്നാണ് ഓഫര്‍. ഓഫര്‍ വിശ്വസിച്ച് നിരവധി പേര്‍ സിം കണക്ഷനെടുത്തു. പ്രീ പെയ്ഡെന്ന പേരില്‍ പോസ്റ്റ് പെയ്ഡ് സിം ആണ് ഏജന്റുമാര്‍ വിതരണം ചെയ്തത്. രണ്ട് ദിവസം കഴിഞ്ഞ് ബാലന്‍സ് പരിശോധിക്കുമ്പോഴാണ് വന്‍തുക ബില്‍ വന്നത് തൊഴിലാളികള്‍ അറിയുക. ഇതോടെ കമ്പനികളെ സമീപിക്കുമ്പോള്‍ ബില്‍ അടക്കാനാണ് ആവശ്യപ്പെടുന്നത്.
ഇത്തരത്തില്‍ ചതിയിലായത് ഇടനിലക്കാര്‍ വഴി സിം കാര്‍ഡ് വാങ്ങുന്നവര്‍. വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്നും നൂറുകണക്കിന് ആളുകളെയാണ് ഇതിനോടകം ചേർത്തതെന്ന് തൊഴിലാളികള്‍ പറയുന്നു. കുറുക്കു വഴിയിലൂടെ ടാർഗറ്റ് പൂർത്തീകരിക്കാനുള്ള ഏജന്റമാരുടെ ശ്രമം തുഛ വരുമാനക്കാരായ തൊഴിലാളികളെയാണ് ചതിച്ചത്. ഇതോടെ സിം റദ്ദാക്കാനുള്ള നെട്ടോട്ടത്തിലാണ് തുഛ ജീവനക്കാര്‍. ബാലന്‍സ് പരിശോധന ആദ്യം നടത്തിയാല്‍ തന്നെ കണക്ഷന്‍ ഏതാണെന്ന് ബോധ്യമാകും. ഈ സേവനം ഉപയോഗപ്പെടുത്താതിരുന്നതാണ് നിരവധി പേരെ കുടുക്കിയത്.