ദൈവത്തിന്റെ അതിഥികള്‍ക്ക് സമ്മാനം, ലോറികള്‍ ഹജ്ജ് നഗരിയിലെത്തി
|രാജാവും സ്ഥാപനങ്ങളും സമ്മാനങ്ങള്‍ നല്‍കും
ദൈവത്തിന്റെ അതിഥികളാണ് ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍. ഹജ്ജിനു മുന്നോടിയായി തന്നെ ഈ അതിഥികള്‍ക്കുള്ള സമ്മാനങ്ങള്‍ ഹജ്ജ് നഗരിയിലെത്തും. ഹാജിമാരെ കാത്ത് അറഫയിലും പരിസരത്തും സമ്മാനങ്ങളുമായി ലോറികള്‍ എത്തിക്കഴിഞ്ഞു.
അറഫയിലെത്തുന്നവര്ക്ക് ഇപ്പോള്‍ വഴി നീളെ ഈ ലോറികള്‍ കാണാം. രാജാവിന്റെയും വിവിധ സംഘടനകളുടേയും സമ്മാനമാണ് ഇത്. 400 ലക്ഷം ജ്യൂസും വെള്ളവുമാണ് ഹജ്ജ് നഗരിയില്‍ രാജാവിന്റേതായി എത്തുക. രാജാവ് മാത്രമല്ല. വിവിധ സന്നദ്ധ സംഘടനകളും സമ്മാനപ്പൊതികളുമായി എത്തിക്കഴിഞ്ഞു. കുടകള്‍, പാദരക്ഷകള്‍, ഖുര്‍ആന്‍, തസ്ബീഹ് മാലകള്‍ എന്നിങ്ങിനെ നീളുന്നു സമ്മാനപ്പട്ടിക. ഇതിന് പുറമെ മധുരവും ഭക്ഷണപ്പൊതികളുമായി വിവിധ സ്ഥാപനങ്ങളും ലോറിയില്‍ അവയെത്തിച്ചുകഴിഞ്ഞു. സൌദിയിലെ പ്രമുഖ കമ്പനികളായ അല്‍ മറാഇ, സാഫി, സൗദി മില്‍ക്ക്, ഹന്നാ തുടങ്ങിയവരെല്ലാം രംഗത്തുണ്ട്. സര്‍ക്കാര്‍ സന്നദ്ധ സ്ഥാപനമാണ് ഹദിയത്തുല്‍ ഹുജ്ജാജ്. ഇതുവഴി സാധാരണക്കാര്‍ക്കും ഹാജിമാര്‍ക്ക് സമ്മാനം നല്കാന് അവസരമുണ്ട്.