Saudi Arabia
ഹാജിമാരുടെ വിടവാങ്ങല്‍ തിരക്കില്‍ ഹറം
Saudi Arabia

ഹാജിമാരുടെ വിടവാങ്ങല്‍ തിരക്കില്‍ ഹറം

Web Desk
|
28 Aug 2018 1:56 AM GMT

ചൂടൊഴിവാക്കാന്‍ പുലര്‍ച്ചെയും വൈകീട്ടുമാണ് ഹാജിമാര്‍ കൂടുതലായെത്തുക. സൂര്യനസ്തമിക്കുന്നതോടെ കഅ്ബക്കരികില്‍ സൂചികുത്താനിടമുണ്ടാകില്ല.

ഹാജിമാരുടെ മടക്ക യാത്ര തുടങ്ങിയതോടെ വിടവാങ്ങല്‍ പ്രദക്ഷിണത്തില്‍ വീര്‍പ്പുമുട്ടുകയാണ് ഹറം. തിരക്ക് നിയന്ത്രിക്കാന്‍ വിവിധ മതാഫുകളിലേക്കാണ് തീര്‍ഥാടകരെ തിരിച്ചു വിടുന്നത്.

ശുഭ്ര വസ്ത്രധാരികളാല്‍ നിറഞ്ഞിരുന്നു ഹജ്ജിനു മുന്നേ കഅ്ബക്ക് ചുറ്റും. ഹജ്ജവസാനിച്ചു. ഇനി ബാക്കിയുള്ളത് വിടവാങ്ങല്‍ ത്വവാഫാണ്. പ്രധാന കര്‍മങ്ങളില്‍ നിന്നും ഹാജിമാര്‍ വിരമിച്ചതിനാല്‍ ഇഹ്‌റാം അഥവാ രണ്ടു വെള്ളത്തുണികളില്‍ നിന്നും ഒഴിവായി. സാധാരണ വസ്ത്രം ധരിച്ചു തന്നെ വിടവാങ്ങല്‍ ത്വവാഫ് നിര്‍വഹിക്കാം. ഇതിനാല്‍ വിവിധ വര്‍ണങ്ങളാല്‍ നിറഞ്ഞിട്ടുണ്ട് കഅ്ബക്കു ചുറ്റു പാടും.

ചൂടൊഴിവാക്കാന്‍ പുലര്‍ച്ചെയും വൈകീട്ടുമാണ് ഹാജിമാര്‍ കൂടുതലായെത്തുക. സൂര്യനസ്തമിക്കുന്നതോടെ കഅ്ബക്കരികില്‍ സൂചികുത്താനിടമുണ്ടാകില്ല. ഇതോടെ തിരക്കൊഴിവാക്കാന്‍ വിവിധ നിലകളിലായുള്ള വലയപഥത്തിലേക്ക് അഥവാ മതാഫിലേക്ക് ആളുകളെ തിരിച്ചു വിടും.

പ്രാര്‍ഥനക്കും അവസാന കാഴ്ചകള്‍ക്കുമായി ഹറമിലെത്തി മടങ്ങുകയാണ് ഹജ്ജ് തീര്‍ഥാടകര്‍. അടുത്ത തിങ്കളാഴ്ചയോടെ തിരക്ക് ഇപ്പോഴുള്ളതിന്റെ പകുതിയായി കുറയുമെന്നാണ് കണക്ക് കൂട്ടല്‍.

Similar Posts