വിസാ കാലാവധിക്കുള്ളില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ രാജ്യം വിടണമെന്ന് സൗദി
|ഹജ്ജ് തീർത്ഥാടനത്തിനായി വന്നവർ കാലാവധിക്ക് ശേഷവും രാജ്യത്ത് തങ്ങുന്നത് കുറ്റകരമാണെന്ന് സൗദി. ജിദ്ദ, മക്ക, മദീന നഗരങ്ങള്‍ക്ക് പുറത്ത് പോകുന്നതും താമസ സൌകര്യം ഒരുക്കുന്നതും നിയമവിരുദ്ധമാണെന്നും പാസ്പോര്‍ട്ട് വിഭാഗം മുന്നറിയിപ്പ് നല്‍കി.
വിദേശികളായ ഹജ്ജ് തീര്‍ത്ഥാടകര്‍ വിസാ കാലാവധി തീരുന്നതിന് മുന്പായി രാജ്യം വിടണം. അല്ലാത്ത പക്ഷം ശിക്ഷാ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്നും ജവാസാത്ത് ഡയരക്ടറേറ്റ് ആവശ്യപ്പെട്ടു. വിസാ കാലാവധിക്കുളളില്‍ സൗദിയില്‍ ജോലി ചെയ്യുന്നതിനും മക്ക, മദീന, ജിദ്ദ എന്നീ നഗരങ്ങള്‍ക്ക് പുറത്ത് സഞ്ചരിക്കുന്നതിനും തീര്‍ത്ഥാടകര്‍ക്ക് വിലക്കുണ്ട്.
തീര്‍ത്ഥാടകരുടെ മടക്കയാത്ര നടപടികള്‍ വേഗത്തിലാക്കണം. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കാലാവധിക്ക് ശേഷം താമസം, യാത്ര എന്നീ സൗകര്യങ്ങളൊരുക്കി കൊടുക്കുന്നതും കുറ്റകരമാണ്. അതാത് ട്രാവല്‍ ഏജന്‍സികള്‍ തീര്‍ഥാടകരെ തിരിച്ചെത്തിക്കാനുള്ള നടപടി പൂര്‍ത്തിയാക്കണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.