പോരാട്ടം കനക്കും; യെമനിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാനൊരുങ്ങി സൌദി
|ഹൂതികള്ക്കെതരായ പോരാട്ടം കനപ്പിക്കുന്നതിന്റെ ഭാഗമായാണ് സൈനിക നടപടി
ഹൂത്തികള്‍ക്കെതിരായ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ സൌദി കൂടുതല്‍ സൈന്യത്തെ അയച്ചു. ഉത്തര, പശ്ചിമ യെമനിലെ ഹജ്ജ ഗവര്‍ണറേറ്റിലേക്കാണ് സൗദി അറേബ്യ കൂടുതല്‍ സൈന്യത്തെ അയച്ചത്.
സൌദിക്കെതിരെ നിരന്തര ആക്രമണമാണ് ഹൂതികള്‍ നടത്തുന്നത്. ഇതിനു പുറമെ, ഹജ്ജ മേഖല ഉൾപ്പടെ യമനിലെ സുപ്രധാന കേന്ദ്രങ്ങളിലും ഇവര്‍ക്ക് സ്വാധീനമുണ്ട്. ഇവിടെ സഖ്യസേനാ മുന്നേറ്റം നടക്കുന്നുണ്ട്. എന്നാല്‍ വ്യാപകമായി ഇവിടെ മൈനുകള്‍ സ്ഥാപിച്ചതായി സൈന്യം അറിയിച്ചിരുന്നു. ഇവ കണ്ടെത്തുന്നതിനുള്ള എന്‍ജിനീയറിംഗ് സംഘവും പുതിയ സൈനിക സംഘത്തിലുണ്ട്. ഒപ്പം നൂറു കണക്കിന് സൈനികരും കവചിത വാഹനങ്ങളും യമനിലേക്ക് പുറപ്പെട്ടു.
ഹജ്ജയിലെ ഹൈറാന്‍ ജില്ലയില്‍ യെമന്‍ സൈന്യം കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ ഹൂത്തികള്‍ക്ക് വലിയ ആള്‍നാശമുണ്ടായിരുന്നു. ബ്രിഗേഡിയര്‍ അബ്ദുല്‍ വഹാബ് അല്‍ഹുസാം, ജഡ്ജി സ്വലാഹ് ഖമൂസി എന്നിവര്‍ അടക്കമുള്ള ഹൂത്തി നേതാക്കള്‍ ഇവിടെ കൊല്ലപ്പെട്ടു. ഇതേ തുടര്‍ന്ന് ഗവര്‍ണറേറ്റിലെ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് ഹൂത്തികള്‍ കൂടുതല്‍ സൈന്യത്തെ അയച്ചു. ഇതിനെ പ്രതിരോധിക്കാനാണ് പുതിയ സൈനിക വ്യൂഹം പുറപ്പെട്ടത്.