ഹൂത്തികള്‍ക്കെതിരെ നടപടി ശക്തമാക്കി, വീഡിയോ പുറത്ത് വിട്ട് അമേരിക്ക
|കടല്‍ മാര്‍ഗം യമനിലേക്ക് കൊണ്ടുപോകുകയായിരുന്ന ആയുധ ശേഖരം പിടിച്ചെടുത്തതിന്റെ വീഡിയോ പുറത്ത് വിട്ട് അമേരിക്കന്‍ നാവിക സേന
കടല്‍ മാര്‍ഗം യമനിലേക്ക് കൊണ്ടുപോകുകയായിരുന്ന ആയുധ ശേഖരം പിടിച്ചെടുത്തതിന്റെ വീഡിയോ പുറത്ത് വിട്ട് അമേരിക്കന്‍ നാവിക സേന. സൗദി അറേബ്യയുടെ നേതൃത്വത്തിലുളള അറബ് സഖ്യസേന യമനില്‍ ഹൂത്തികള്‍ക്കെതിരെയുള്ള ആക്രമണം ശക്തമാക്കിയിരിക്കേയാണ് സംഭവം.
ബഹറൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കയുടെ അഞ്ചാമത് നാവികസേനവ്യൂഹമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. എ.കെ 47 ഉള്‍പ്പെടെയുള്ള നൂറുകണക്കിന് ആയുധങ്ങള്‍ പിടിച്ചെടുത്തുവെന്നാണ് യു.എസ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. ഗള്‍ഫ് മേഖയിലെ ഏദന്‍ കടലില്‍ വെച്ചാണ് ആയുധങ്ങളടങ്ങിയ ചെറുകപ്പല്‍ കണ്ടൈത്തിയത്. എന്നാല്‍ ആയുധങ്ങളടങ്ങിയ കപ്പലിന്റെ ഉറവിടത്തെ സംബന്ധിച്ച് പ്രതികരിക്കാന്‍ യു.എസ് പ്രതിരോധ മന്ത്രാലയ വക്താവ് തയ്യാറായില്ല. ഇത് സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഹൂത്തികള്‍ക്കെതിരില്‍ സൗദിയുടെ നേതൃത്വത്തില്‍ സംയുക്ത സൈനിക നടപടി ശക്തമാണ്. ഇതിനിടയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയ വാര്‍ത്ത പുറത്ത് വരുന്നത്. യമനിലെ യുദ്ധമുഖത്ത് ഹൂത്തികള്‍ക്ക് ആയുധങ്ങള്‍ എത്തിക്കുന്നത് ഇറാന്‍ ആണെന്ന നിലപാടിലാണ് അറബ് സഖ്യസേന. ദിവസങ്ങള്‍ക്ക് മുമ്പ് സൗദിയെ ലക്ഷ്യമാക്കി ഹൂത്തികള്‍ തുടര്‍ച്ചയായി മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കൂടുതല്‍ സൈന്യത്തെ യമനിലേക്ക് അയക്കാന്‍ സൗദിഅറേബ്യ തീരുമാനിച്ചിരുന്നു.