പബ്ലിക് പ്രോസിക്യൂഷന്‍ കാര്യാലയത്തിലെ അഗ്നിബാധ; അറ്റോര്‍ണി ജനറല്‍ ഓഫീസ് സന്ദര്‍ശിച്ചു
|കഴിഞ്ഞ ദിവസം തീപിടുത്തമുണ്ടായ സൗദി കിഴക്കന്‍ പ്രവിശ്യയിലെ പബ്ലിക് പ്രോസിക്യൂഷന്‍ കാര്യാലയം അറ്റോര്‍ണി ജനറല്‍ സന്ദര്‍ശിച്ചു. ഓഫീസിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി അല്‍ഖോബാറിലേക്ക് മാറ്റാന്‍ അറ്റോര്‍ണി ജനറല്‍ നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ സമഗ്ര അന്വേഷണം നടന്നുവരികയാണ്.
അറ്റോര്‍ണി ജനറല്‍ ശൈഖ്. സഊദുബിന്‍ അബ്ദുല്ലയാണ് സംഭവ സ്ഥലം സന്ദര്‍ശിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ അഗ്നിബാധയില്‍ പ്രവിശ്യയിലെ പബ്ലിക് പ്രോസിക്യൂഷന്‍ കാര്യാലായത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇത് നേരില്‍ കണ്ട് വിലയിരുത്തുന്നതിനും തുടര്‍നടപടികല്‍ സ്വീകരിക്കുന്നതിന്റെയും ഭാഗമായാണ് സന്ദര്‍ശനം. പബ്ലിക് പ്രോസിക്യൂഷന്‍ അണ്ടര്‍ സെക്രട്ടറി ശൈഖ്. ശല്‍ആന്‍ ബിന്‍ റാജിഹും ചേര്‍ന്നാണ് സന്ദര്‍ശനം. സ്ഥിതിഗതികള്‍ നേരിട്ട് മനസ്സിലാക്കിയ അറ്റോര്‍ണി ജനറല്‍ ഓഫീസിന്റെ പ്രവര്‍ത്തനം അടുത്ത ദിവസം തന്നെ പുനരാരംഭിക്കുവാനും ആസ്ഥാനം താല്‍ക്കാലികമായി അല്‍ഖോബാറിലേക്ക് മാറ്റാനും നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസമുണ്ടായ അഗ്നിബാധയില്‍ പത്ത് നിലകള്‍ അടങ്ങിയ കാര്യാലയത്തിന്റെ ഭൂരിഭാഗവും കത്തി നശിച്ചിരുന്നു. മുകളിലത്തെ നിലയില്‍ സ്ഥിതി ചെയ്തിരുന്ന എയര്‍കണ്ടീഷനില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പ്രവിശ്യാ ഗവര്‍ണര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.