Saudi Arabia
ആറ് മാസത്തിനകം പിഴയടക്കണം; പരിഷ്കരിച്ച ട്രാഫിക് നിയമാവലി പ്രാബല്യത്തിൽ 
Saudi Arabia

ആറ് മാസത്തിനകം പിഴയടക്കണം; പരിഷ്കരിച്ച ട്രാഫിക് നിയമാവലി പ്രാബല്യത്തിൽ 

Web Desk
|
6 Sep 2018 6:38 PM GMT

സൗദിയില്‍ ആറുമാസത്തിനകം ട്രാഫിക് പിഴയടച്ചില്ലെങ്കില്‍ കേസ് പ്രത്യേക കോടതിക്ക് കൈമാറും. വാഹനങ്ങളില്‍ പരസ്യ പോസ്റ്ററുകള്‍ പതിക്കുന്നതിനുള്ള ശിക്ഷയും അടുത്ത ആഴ്ചമുതല്‍ പ്രാബല്യത്തിലാകും. കുട്ടികളെ വാഹനങ്ങളില്‍ ഒറ്റക്കിരുത്തുന്നവര്‍ക്കും അതിവേഗ പാത മുറിച്ച് കടക്കുന്നവര്‍ക്കും കടുത്ത പിഴ ശിക്ഷ ചുമത്തും.

ഗതാഗത നിയമലംഘനങ്ങള്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പ് വരുത്തുന്നതാണ് പരിഷ്കരിച്ച ട്രാഫിക് നിയമാവലി. ഇതനുസരിച്ച് പിഴചുമത്തിയതായ അറിയിപ്പ് ലഭിച്ചാലുടന്‍ പിഴയടക്കണം. ആറ് മാസത്തിനകം പിഴയടച്ചില്ലെങ്കില്‍ കേസ് പ്രത്യേക കോടതിക്ക് കൈമാറും. പിഴയടക്കുന്നത് വരെ പിന്നെ സര്‍ക്കാര്‍ സേവനങ്ങള്‍ ഉണ്ടാകില്ല.

വാഹനം ഓഫ് ചെയ്യാതെ ഡ്രൈവര്‍ ഇറങ്ങി പോകുക, കാല്‍നടയാത്രക്കാര്‍ക്കുള്ള ഇടങ്ങളില്‍ പ്രയാസമുണ്ടാക്കുക, പ്രധാന റോഡുകളില്‍ 20 മീറ്ററില്‍ കൂടുതല്‍ പിറകോട്ട് ഓടിക്കുക, അപകട സ്ഥലത്ത് കൂട്ടം കൂടി നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ കുറ്റകരമാണ്. പത്ത് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ വാഹനങ്ങളില്‍ ഒറ്റക്കിരുത്തുന്നതിന് ശിക്ഷയുണ്ട്. ഗതാഗതം തടസ്സപ്പെടും വിധം വേഗത കുറച്ച് ഓടിക്കല്‍, അനാവശ്യമായി പെട്ടെന്ന് ബ്രേക്ക് ഉപയോഗിക്കല്‍ എന്നിവയെല്ലാം പിഴലഭിക്കുന്ന കുറ്റകൃത്യങ്ങളാണ്.

ആംബുലന്‍സുകള്‍ പോലുള്ള എമര്‍ജന്‍സി വാഹനങ്ങളെ പിന്തുടരുന്നതും കുറ്റകരമാണ്. അതിവേഗ പാതകള്‍ മുറിച്ച് കടക്കുന്ന കാല്‍നട യാത്രകാര്‍ക്ക് 1000 മുതല്‍ 2000 റിയാല്‍ വരെയാണ് പിഴ. വാഹനങ്ങളില്‍ പരസ്യ പോസ്റ്ററുകള്‍ പതിക്കാന്‍ പാടില്ല. ഇത് നീക്കം ചെയ്ത് വാഹനങ്ങളുടെ പദവി ശരിയാക്കാന്‍ അനുവദിച്ച സമയം ദുല്‍ഹജ്ജ് 20 ന് അവസാനിച്ചിരുന്നു. ഇത്തരം സംഭവങ്ങളില്‍ സെപ്തംബര്‍ 11 മുതല്‍ ശിക്ഷ നടപ്പാക്കും. വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യും.

Similar Posts