വൈദ്യുതി ബില്ലിനും വാടക കരാര്‍; സൌദിയില്‍ കരാറില്ലാതെ ഇഖാമ പുതുക്കില്ല
|ഇജാര്‍ കൂടുതല്‍ സേവനങ്ങളുമായി ബന്ധിപ്പിക്കും
സൗദിയില്‍ വൈദ്യുതി ബില്‍ വാടക കരാറുമായി ബന്ധിപ്പിക്കാന്‍ പാര്‍പ്പിടകാര്യ മന്ത്രാലയം നീക്കം തുടങ്ങി. ഇന്ന് മുതല്‍ ഇഖാമ പുതുക്കാന്‍ വാടക കരാര്‍ രജിസ്റ്റര്‍ ചെയിരിക്കണം. വാടക കരാര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ പിഴയൊടുക്കേണ്ടി വരും.
കഴിഞ്ഞ ഫെബ്രൂവരി 12നാണ് ഇജാര്‍ പ്രോഗ്രാം ഔദ്യോഗികമായി ആരംഭിച്ചത്. ഈ മാസം മുതല്‍ ഇഖാമയും ലേബര്‍ കാര്‍ഡും പുതുക്കാന്‍ വാടകകരാറുമായി ബന്ധിപ്പിക്കണം, അതനുസരിച്ച് ഇന്നുമുതല്‍ ഇഖാമ പുതുക്കേണ്ടവര്‍ വാടകകരാര്‍ കൂടി രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇനിമുതല്‍ വൈദ്യുതി ബില്ലും ഇജാര്‍ നെറ്റ് വര്‍ക്കില്‍ ബന്ധിപ്പിക്കാനാണ് തീരുമാനം. സൗദി ഇലക്ട്രിസിറ്റി കംബനിയുമായി ചേര്‍ന്നാണ് പാര്‍പ്പിടകാര്യ മന്ത്രാലയലത്തിന്റെ പദ്ധതി. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടനുണ്ടാകും. അതോടെ ഇഖാമ പുതുക്കേണ്ട കാലവധി വരെ ആര്‍ക്കും കാത്തിരിക്കാനാകില്ല. കൂട്ടമായി താമസിക്കുന്ന പ്രവാസികള്‍ക്ക് വാടകകരാറില്‍ പേര് ഉള്‍പ്പെടുത്തി കൊണ്ട് നിയമലംഘനത്തില്‍ നിന്ന് രക്ഷപ്പെടാം. സന്ദര്ശനവിസയിലുളളവരും ഇജാറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നാണ് ചട്ടം. ഓരോ വിദേശിയും എവിടെ ആരോടൊപ്പം താമസിക്കുന്നു എന്ന വിവരം ശേഖരിക്കലാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം. രാജ്യത്തിന്റെ സുരക്ഷാ സംവിധാനം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണിത്. ഇജാര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തവര്‍ ഇഖാമ പുതുക്കാനാകാതെ പിഴയൊടുക്കേണ്ടി വരും.