സമാധാന ആവശ്യത്തിന് ആണവ കരാര്‍ ഒപ്പുവെക്കുന്ന കാര്യം സൗദിയും അമേരിക്കയും ചര്‍ച്ച ചെയ്തു
|സമാധാന ആവശ്യത്തിന് ആണവ കരാര്‍ ഒപ്പുവെക്കുന്ന കാര്യം സൗദിയും അമേരിക്കയും ചര്‍ച്ച ചെയ്തു. സൗദി, അമേരിക്കന്‍ ഊര്‍ജ്ജ മന്ത്രിമാര്‍ അമേരിക്കയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള പദ്ധതികളും ചര്‍ച്ചയായി.
സൗദി ഊര്‍ജ്ജ മന്ത്രി എഞ്ചിനിയര്‍ ഖാലിദ് അല്‍ഫാലിഹും അമേരിക്കന്‍ ഊര്‍ജ്ജ മന്ത്രി റെക് ബെറിയും അമേരിക്കയില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. സമാധാന ആവശ്യത്തിന് ആണവ കരാര്‍ ഒപ്പുവെക്കുന്ന കാര്യം മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു. യുറോനിയം സമ്പുഷ്ടീകരണം പോലുള്ള പദ്ധതിക്ക് സൗദിക്ക് അമേരിക്കയുടെ സാങ്കേതിക സഹായം ലഭിക്കാനാണ് കരാര്‍ രൂപപ്പെടുന്നത്. സൗദിയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യത്തിന് ആണവോര്‍ജ്ജത്തെ അവലംബിക്കാനാണ് രാഷ്ട്രം ഇതിലൂടെ ഉദ്ദേശിക്കുന്നത്. എണ്ണയുടെ ആഭ്യന്തര ഉപഭോഗം കുറക്കാനും ഇതിലൂടെ സൗദിക്ക് സാധിക്കും. സൗദി ഉള്‍പ്പെടെയുള്ള എണ്ണ ഉല്‍പാദന രാജ്യങ്ങളുടെ ക്വാട്ട വര്‍ധിപ്പിക്കുന്ന കാര്യവും മന്ത്രിമാര്‍ ചര്‍ച്ചചെയ്തു. ഇറാനെതിരെ ഉപരോധ നടപടി സ്വീകരിക്കുന്നതിന്‍െറ ഭാഗമാണ് ഈ വിഷയം അമേരിക്ക മുന്നോട്ടുവെക്കുന്നത്. ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് മെയ് മാസത്തില്‍ അമേരിക്ക പിന്‍വാങ്ങിയിരുന്നു. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാനും അമേരിക്ക ഉള്‍പ്പെടെയുള്ള വന്‍കിട രാജ്യങ്ങള്‍ക്ക് പദ്ധതിയുണ്ട്. അതേസമയം ക്രൂഡ് ഓയില്‍ ബാരലിന് 76 ഡോളറിലേക്ക് ഉയര്‍ന്ന സാഹചര്യം കൂടി പരിഗണിച്ചാണ് ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ട്രംപ് സര്‍ക്കാര്‍ ഉല്‍പാദന രാജ്യങ്ങളോട് ആവശ്യപ്പെടുന്നതെന്നും സാമ്പത്തിക മാധ്യമങ്ങള്‍ ഉദ്ദരിക്കുന്നു.