Saudi Arabia
മക്ക-മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ‘അൽ ഹറമൈൻ’ റയിൽവേക്ക് ഈ മാസം 24ന് തുടക്കം
Saudi Arabia

മക്ക-മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ‘അൽ ഹറമൈൻ’ റയിൽവേക്ക് ഈ മാസം 24ന് തുടക്കം

Web Desk
|
16 Sep 2018 8:15 PM GMT

മക്കക്കും മദീനക്കുമിടയിൽ ആദ്യ ഘട്ടത്തില്‍ പ്രതിദിനം എട്ട് സര്‍വീസുകള്‍, അടുത്ത വർഷം മുതൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കും. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ ഓടുന്ന 35 ട്രെയിനുകളാണ് ഉണ്ടാവുക

മക്ക-മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ‘അൽ ഹറമൈൻ’ റയിൽവേ സര്‍വീസിന്റെ ടിക്കറ്റ് നിരക്കുകള്‍ പുറത്ത് വന്നു. മക്കയില്‍ നിന്നും മദീനയിലേക്ക് 75 റിയാലിന് എത്താനാകും. ഈ മാസം 24 മുതലാണ് റയിൽവേ സര്‍വീസുകള്‍ തുടങ്ങുക.

മക്കയില്‍ നിന്നും മദീനയിലേക്ക് 450 കി.മീറ്ററാണ് ദൂരം. ഇത് രണ്ടര മണിക്കൂറിനകം താണ്ടും ‘ഹറമൈന്‍ ട്രെയിന്‍’. മക്കയില്‍ നിന്നും മദീനയിലേക്ക് ടിക്കറ്റ് നിരക്ക് 75 റിയാലാണെന്നാണ് സൂചന. ഇതേ റൂട്ടിൽ ബിസിനസ് ക്ലാസിനു ചാർജ്ജ് 125 റിയാലാണ്.

മക്കയില്‍ നിന്നും പുറപ്പെടുന്ന ട്രെയിനിന് ജിദ്ദയിലാണ് ആദ്യ സ്റ്റോപ്പ്. പിന്നീട് റാബിഗിലും. ജിദ്ദയില്‍ നിന്നും മദീനയിലേക്ക് 63 റിയാലായിരിക്കും. ബിസിനസ് ക്ലാസില്‍ നിരക്കേറും. 20 മിനിറ്റുകൊണ്ട് ജിദ്ദയില്‍ നിന്നും മക്കയിലെത്തിക്കും അതിവേഗ ട്രെയിന്‍. വെറും 20 റിയാലാണ് നിരക്ക്. ബിസിനസ് ക്ലാസിൽ 25 റിയാലും. മക്കയില്‍ നിന്ന് റാബിഗിലേക്ക് 40 റിയാല്‍ മതി. ജിദ്ദയില്‍ നിന്നും 23 റിയാലും. റാബിഗില്‍ നിന്ന് മദീനയിലേക്ക് 50 റിയാലാണ് നിരക്ക്. ഈ മാസം 24നാണ് സര്‍വീസുകള്‍ ആരംഭിക്കുക.

എല്ലാ നിരക്കും ആദ്യ രണ്ടു മാസത്തേക്കാണ്. പിന്നീട് നിരക്കില്‍ മാറ്റമുണ്ടാകും. ചെറിയ വര്‍ധനവാണ് ലക്ഷ്യം വെക്കുന്നത്. മക്കക്കും മദീനക്കുമിടയിൽ ആദ്യ ഘട്ടത്തില്‍ പ്രതിദിനം എട്ട് സര്‍വീസുകള്‍. അടുത്ത വർഷം മുതൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കും. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ ഓടുന്ന 35 ട്രെയിനുകളാണ് ഉണ്ടാവുക. കുറഞ്ഞ നിരക്കില്‍ തീര്‍ഥാടകരുടെ യാത്രാ പ്രയാസം കുത്തനെ കുറക്കും ഈ സര്‍വീസ്.

Similar Posts