സൗദി എയർലെൻസിന്റെ കരിപ്പൂര്‍ സൗദി വിമാന സര്‍വീസ് അനിശ്ചിതത്വത്തില്‍
|സര്‍വീസിനായി ഡല്‍ഹിയിലെ സൗദി അംബാസിഡർ നൽകിയ കത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്
കരിപ്പൂരിൽനിന്ന് സൗദിയിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നതിനുള്ള സൗദി എയർലെൻസിന്റെ നീക്കം അനിശ്ചിതമായി നീളുന്നു. സര്‍വീസിനായി ഡല്‍ഹിയിലെ സൗദി അംബാസിഡർ നൽകിയ കത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇതില്‍ തീരുമാനമായാല്‍ മാത്രമേ സര്‍വീസ് തുടങ്ങാനാകൂ.
കരിപ്പൂരിൽനിന്ന് സർവീസ് നടത്താന്‍ സൗദി എയർലെൻസിന് അനുമതി ലഭിച്ചിരുന്നു. എന്നാല്‍ തിരുവനന്തപുരം സർവീസ് റദ്ദാക്കിയാലേ കരിപ്പൂർ സർവീസുകൾ തുടങ്ങാനാകൂ. തിരുവനന്തപുരത്തേക്ക് മൂന്ന് മാസത്തേക്ക് യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്തതിനാൽ സർവീസുകൾ പിൻവലിക്കാകുന്നില്ല. ഇത് പരിഹരിക്കാന്‍ സൌദി എയര്‍ലൈന്‍സിന് പുതിയ സ്റ്റേഷനും താൽക്കാലിക സീറ്റുകളും ലഭ്യമാക്കണം. ഇത് ആവശ്യപ്പെട്ടാണ് സൗദി അമ്പാസിഡർ വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകിയത്. ഇന്ത്യയും സൗദി അറേബ്യയും തമ്മിലെ കരാർ പ്രകാരം ആഴ്ചയിൽ ഇരുപതിനായിരം സീറ്റുകളിലാണ് യാത്ര നടത്താനാവുക. ഇതിൽ സൗദി എയർലെൻസ് അവരുടെ ഇരുപതിനായിരം സീറ്റിൽ 19670 സീറ്റുകളും കൊച്ചി, തിരുവനന്തപുരം ഉൾപ്പടെ എട്ടു വിമാനത്താവളങ്ങളിൽ നിന്ന് ഉപയോഗിക്കുന്നുണ്ട്. ശേഷിക്കുന്ന 330 സീറ്റുകൾ സൗദി അറേബ്യയുടെ മറ്റൊരു വിമാന കമ്പനിയായ ഫ്ളൈ നാസ് ഹൈദരാബാദ്-ജിദ്ദ റൂട്ടിലുമുണ്ട്. ഇത് പരിഹരിക്കാനാണ് പുതിയ നീക്കം. തീരുമാനമായില്ലെങ്കില്‍ സര്‍വീസ് അനിശ്ചിതമായി നീളും. ഇന്ത്യയും സൗദിയും തമ്മിലുളള വ്യോമയാന ഉഭയകക്ഷി കരാർ ഡിസംബറിൽ നടക്കും. ഏറ്റവും കുറഞ്ഞത് അത് വരെ കാത്തിരിക്കേണ്ട സാഹര്യമുണ്ടാകുമെന്ന് ചുരുക്കം.