സൗദി സ്വദേശിവത്കരണം; പരിശോധന കര്‍ശനമാക്കി
|ആകെ ആറായിരത്തിലേറെ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം പാലിച്ചതായി കണ്ടെത്തി. അയ്യായിരം മുതല്‍ ഇരുപത്തി അയ്യായിരം വരെയാണ് നിയമലംഘനത്തിന്റെ തോതനുസരിച്ച് പിഴ
സ്വദേശിവത്കരണത്തിന്റെ ഭാഗമായുള്ള പരിശോധന സൗദിയുടെ വിവിധ ഭാഗങ്ങളില്‍ തുടരുന്നു. റിയാദില്‍ നടത്തിയ പരിശോധനയില്‍ 170 സ്ഥാപനങ്ങള്‍ക്കു കൂടി മുന്നറിയിപ്പ് നോട്ടീസ് നല്‍കി. ഇതിനിടെ ജിദ്ദയില്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പിനെത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു.
സെപ്തംബര്‍ 11ന് ആരംഭിച്ചതാണ് നാലു മേഖലയിലെ സ്വദേശി വത്കരണം. 12 മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണത്തിന്റെ ഒന്നാം ഘട്ടമാണിത്. ടെക്സ്റ്റൈല്‍, വാഹന വില്‍പന, വീട്ടുപകരണ മേഖലയിലയിലാണ് പരിശോധന. റിയാദ്, ജിദ്ദ, ഖസീം, മക്ക, മദീന തുടങ്ങി പ്രധാന കേന്ദ്രങ്ങളില്‍ ശക്തമാണ് പരിശോധന. രാജ്യത്തൊട്ടാകെ പതിനായിരത്തോളം സ്ഥാപനങ്ങളില്‍ പരിശോധന പൂര്‍ത്തിയായി. റിയാദില്‍ മാത്രം രണ്ടായിരത്തി അഞ്ഞൂറോളം കടകളില്‍ പരിശോധന നടത്തി.
ജിദ്ദയിലും മക്കയിലുമായി മുവ്വായിരത്തിലേറെ കടകളില്‍ പരിശോധന പൂര്‍ത്തിയാക്കി. നിയമം പാലിക്കാത്ത വിവിധ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം പിഴ ഈടാക്കി. മുന്നറിയിപ്പ് നല്‍കി നിരവധി സ്ഥാപനങ്ങളുടെ ഫോട്ടോ പകര്‍ത്തിയിട്ടുണ്ട്. സ്വദേശികളെ നിയമിക്കാത്ത പക്ഷം ഇവര്‍ക്ക് അടുത്ത ഘട്ടത്തില്‍ കനത്ത പിഴ ചുമത്തുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
ആകെ ആറായിരത്തിലേറെ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം പാലിച്ചതായി കണ്ടെത്തി. ഇന്ന് മാത്രം നൂറിലേറെ സ്ഥാപനങ്ങള്‍ക്ക് രാജ്യത്തൊട്ടാകെ പിഴ ഈടാക്കിയിട്ടുണ്ട്. അയ്യായിരം മുതല്‍ ഇരുപത്തി അയ്യായിരം വരെയാണ് നിയമലംഘനത്തിന്റെ തോതനുസരിച്ച് പിഴ.