68 ഇന പദ്ധതികളുമായി സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതി; ആശങ്കയോടെ പ്രവാസി സമൂഹം
|ഭക്ഷണശാലകളിലേക്കും കോണ്‍ട്രാക്ടിങ് മേഖലയിലേക്കും കടന്നെത്തുന്ന സ്വദേശിവത്കരണം സംബന്ധിച്ച് വരു ദിനങ്ങളില്‍ വ്യക്തതയുണ്ടാകും.
സൗദിവത്കരണം ലക്ഷ്യമിട്ട് തയ്യാറാക്കിയ അറുപത്തിയെട്ടിന പദ്ധതിയുടെ വിശദാംശങ്ങള്‍ കാത്ത് പ്രവാസികള്‍. ആശങ്കയോടെയാണ് കഴിഞ്ഞ ദിവസത്തെ തൊഴില്‍ മന്ത്രാലയ പ്രഖ്യാപനത്തെ പ്രവാസികള്‍ കേട്ടത്. ഭക്ഷണശാലകളിലേക്കും കോണ്‍ട്രാക്ടിങ് മേഖലയിലേക്കും കടന്നെത്തുന്ന സ്വദേശിവത്കരണം സംബന്ധിച്ച് വരു ദിനങ്ങളില്‍ വ്യക്തതയുണ്ടാകും.
ഭൂരിഭാഗം മേഖലയും സ്വദേശിവത്കരണത്തിലാണ് സൗദി. നേരത്തെ മാറ്റി വെച്ച മേഖലകളാണ് ഭക്ഷണശാലകളും കോഫി ഷോപ്പുകളും. കോണ്‍ട്രാക്ടിങ്, റിയല്‍ എസ്റ്റേറ്റ് മേഖലയിലും ഏതാനും ജോലികള്‍ മാത്രമാണ് സ്വദേശിവത്കരണം ബാധിക്കാത്തത്. ഇവയെല്ലാം പുതിയ ഘട്ടത്തില്‍ സ്വദേശിവത്കരണത്തിന് വിധേയമാകുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഭക്ഷണ ശാലകളില്‍ റസ്റ്റോറന്റ്, ബൂഫിയ എന്നിവ പെടുമോ എന്നതും വരും ദിനങ്ങളില്‍ വ്യക്തത വരുത്തും. ഹോട്ടല്‍ മേഖലയില്‍ വിവിധ തസ്തികകള്‍ നേരത്തെ സ്വദേശിവത്കരണത്തിന് വിധേയമാക്കിയിരുന്നു. ബാക്കിയുള്ളത് പാചകം, കാഷ്യര്‍ തുടങ്ങിയ തസ്തികകളാണ്. ഈ മേഖലയില്‍ പരിശീലനം നല്‍കിയ ശേഷമാകും സ്വദേശിവത്കരണം പ്രാബല്യത്തിലാക്കുക.
വിവിധ തൊഴില്‍ മേഖലയില്‍ പരിശീലനത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട് മന്ത്രാലയം. കോണ്‍ട്രാക്ടിങ്, റിയല്‍ എസ്റ്റേറ്റ് മേഖലയിലും സമാനമാണ് സ്ഥിതി. നേരത്തെ തന്നെ ഈ മേഖലയിലെ വിവിധ തസ്തികകള്‍ സ്വദേശിവത്കരണത്തിന് വിധേയമായിട്ടുണ്ട്. അവശേഷിക്കുന്ന തസ്തികകളാണ് അടുത്ത ഘട്ടത്തില്‍ നിയമനങ്ങള്‍ക്ക് വിധേയമാക്കുക. മൂന്നു മാസം കൊണ്ട് സ്വദേശിവത്കരണം സംബന്ധിച്ച ചിത്രം വ്യക്തമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.