പ്രളയ ദുരിതാശ്വാസ ധനസമാഹരണത്തിന് മന്ത്രിമാരുള്‍പ്പെടുന്ന ഉന്നതതല സംഘം സൗദി സന്ദര്‍ശിക്കും
|ദമ്മാം, ജിദ്ദ മേഖലകളില്‍ മന്ത്രി എ. കെ ബാലനും, റിയാദില്‍ മാത്യു. ടി. തോമസും ആണ് സന്ദര്‍ശനത്തിന് നേതൃത്വം നല്‍കുക
പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്താന്‍ മന്ത്രിമാരുള്‍പ്പെടുന്ന ഉന്നതതല സംഘം ഉടന്‍ സൗദിയിലെത്തും. ഒക്ടോബര്‍ മൂന്നാം വാരമായിരിക്കും ഉന്നത തല സംഘത്തിന്റെ സന്ദര്‍ശനം. ദമ്മാം, ജിദ്ദ മേഖലകളില്‍ മന്ത്രി എകെ ബാലനും, റിയാദില്‍ മാത്യു ടി തോമസും ആണ് സന്ദര്‍ശനത്തിന് നേതൃത്വം നല്‍കുക.
പ്രളയാന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സൗദിയിലെ മലയാളികളില്‍ നിന്ന് സഹായം അഭ്യര്‍ഥിക്കാനാണ് മന്ത്രിമാര്‍ ഒക്ടോബര്‍ മൂന്നാം വാരം സൗദിയിലെത്തുന്നത്.
ദമ്മാം, ജിദ്ദ എന്നിവിടങ്ങളില്‍ മന്ത്രി എ.കെ ബാലന്‍റെ നേതൃത്വത്തിലും, റിയാദില്‍ മന്ത്രി മാത്യു ടി തോമസിന്‍റെ നേതൃത്വത്തിലുമാണ് ഉന്നത തല സംഘം പ്രാവാസികളെ കാണുക. ഇതിന് മുന്നോടിയായാണ് പ്രവിശ്യയിലെ ലോക കേരള സഭാ അംഗങ്ങള്‍ യോഗം ചേര്‍ന്നത്.
പ്രവിശ്യയിലെ വിവിധ സംഘടന നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. മന്ത്രിമാരുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും പരിപാടികളും ആസൂത്രണം ചെയ്യുന്നതിനുമായി വിവിധ മേഖലകളിലെ പ്രധിനിധികള്‍ അടങ്ങുന്ന ഒരു എക്സിക്യുട്ടീവ് കമ്മിറ്റിയെയും യോഗം തെരഞ്ഞടുത്തു. യോഗത്തില്‍ ഉന്നത തല സംഘത്തിന്‍റെ സന്ദര്‍ശനവുമായി ബന്ധപെട്ട് ക്രിയാത്മകമായ പല നിര്‍ദേശങ്ങളും ഒപ്പം ചില ആശങ്കകളും പങ്കെടുത്തവര്‍ ഉന്നയിച്ചു. ലോക കേരള സഭ അംഗം ജോര്‍ജ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ആല്‍ബിന്‍ ജോസഫ്, അഹമ്മദ് പുളിക്കല്‍, ബിജു കല്ലുമല എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.അമേരിക്കന്‍ മലയാളികളുടെ സഹായം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അഭ്യര്‍ഥിച്ചിരുന്നു.