സൗദി മന്ത്രിസഭാ യോഗം; എണ്ണവിലയും ബജറ്റും ചര്‍ച്ച
|രാജ്യത്തെ പൊതുകടം കുറക്കാനുള്ള പദ്ധതികളുള്ളതാകും ഇത്തവണത്തെ ബജറ്റെന്ന് സൌദി മന്ത്രിസഭ. എണ്ണ വിലയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡണ്ടുമായി നടത്തിയ ചര്‍ച്ച മന്ത്രിസഭയില്‍ സല്‍മാന്‍ രാജാവ് വിശദീകരിച്ചു. കുവൈത്ത് സന്ദര്‍ശനത്തെ കുറിച്ച് കിരീടാവകാശിയും യോഗത്തില്‍ സംസാരിച്ചു.
തലസ്ഥാനമായ റിയാദില്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. റെക്കോര്‍ഡ് നിരക്കിലാണ് ആഗോള വിപണിയില്‍ എണ്ണവില. ഈ സാഹചര്യത്തില്‍ എണ്ണ ഉത്പാദനം കൂട്ടുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡണ്ട് സല്‍മാന്‍ രാജാവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ സല്‍മാന്‍ രാജാവ് സംസാരിച്ചു. ഉത്പാദനം കൂട്ടുന്നത് സംബന്ധിച്ച് തീരുമാനമൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല രാജ്യം. കുവൈത്ത് സന്ദര്‍ശനം കഴിഞ്ഞെത്തിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സന്ദര്‍ശനത്തിലെ ചര്‍ച്ചയെ കുറിച്ച് യോഗത്തില്‍ വിശദീകരിച്ചു. ഉഭയകക്ഷി-നയതന്ത്ര വിഷയങ്ങളാണ് കുവൈത്ത് സന്ദര്‍ശനത്തില്‍ വിഷയമായത്. ബജറ്റായിരുന്നു മന്ത്രിസഭാ യോഗത്തിലെ പ്രധാന ചര്‍ച്ച. നിലവില്‍ പ്രഖ്യാപിച്ച ബജറ്റ് വിശദാംശങ്ങള്‍ പ്രതീക്ഷയും സുതാര്യതയും ഉറപ്പു വരുത്തുന്നതാണെന്ന് യോഗം വിലയിരുത്തി. രാജ്യത്തിന്റെ പൊതുകടം കുറക്കാന്‍ പാകത്തിലുള്ള പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെട്ടതായും മന്ത്രിസഭ പ്രത്യാശ പ്രകടിപ്പിച്ചു. ഹറമൈന്‍ ട്രെയിന്‍ രാജ്യത്തിന് സമര്‍പ്പിച്ച സല്‍മാന്‍ രാജാവിനോട് മന്ത്രിസഭ കടപ്പാട് രേഖപ്പെടുത്തി. പ്രയാസം പരിഹരിക്കാന്‍ യമന്‍ കേന്ദ്ര ബാങ്കിന് 200 മില്യണ്‍ ഡോളര്‍ സഹായം നല്‍കിയ രാജാവിന്റെ പ്രഖ്യാപനത്തേയും മന്ത്രിസഭ അഭിനന്ദിച്ചു.