സൗദിയിലെ രണ്ട് പ്രധാന ബാങ്കുകള്‍ ലയനത്തിന് ഒരുങ്ങുന്നു
|സൗദി ബ്രിട്ടീഷ് ബാങ്കും അല്‍ അവ്വല്‍ ബാങ്കുമാണ് ലയിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
സൗദിയിലെ രണ്ട് പ്രധാന ബാങ്കുകള്‍ ലയനത്തിന് ഒരുങ്ങി. സൗദി ബ്രിട്ടീഷ് ബാങ്കും അല്‍ അവ്വല്‍ ബാങ്കുമാണ് ലയിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ജീവനക്കാരെ പിരിച്ചു വിടില്ലെന്ന് ഇരു ബാങ്കുകളും അറിയിച്ചു.
രാജ്യത്തെ പ്രധാന ബാങ്കുകളിലൊന്നാണ് സാബ് അഥവാ സൗദി ബ്രിട്ടീഷ് ബാങ്ക്. മറ്റൊരു പ്രധാന ബാങ്കായ അല്‍ അവ്വലുമായാണ് ലയനം. ഇതോടെ രാജ്യത്തെ വലിയ മൂന്നാമത്തെ ബാങ്കായി മാറും ഇവര്‍. ഒാഹരി ഉടമകളുമായി നേരത്തെ ചര്‍ച്ച പൂര്‍ത്തിയാക്കിയിരുന്നു. നിയമപരമായ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി. സ്വകാര്യ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും സഹായമൊരുക്കാനാണ് ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് സാബ് ചെയര്മാന് ഖാലിദ് സുലൈമാന്‍ ഒലയാന്‍ പറഞ്ഞു. ഇരു ബാങ്കുകളും ലയിക്കുന്നതിന്റെ ഭാഗമായി ഒരു ജീവനക്കാരനെയും പിരിച്ചു വിടില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കുള്ള സേവനത്തില്‍ പെട്ടെന്ന് മാറ്റമുണ്ടാകില്ല. വരാനിരിക്കുന്ന മാറ്റങ്ങള്‍ ക്രമേണ അറിയിക്കുമെന്നും ഇരു ബാങ്കുകളും അറിയിച്ചു.