അമേരിക്കന്‍ സമ്മര്‍ദ്ദം; എണ്ണ ഉത്പാദനം വര്‍ധിപ്പിച്ച് സൗദി
|അമേരിക്കന്‍ ഉപരോധം കണക്കിലെടുത്ത് ഇറാന്റെ എണ്ണ ചില രാജ്യങ്ങള്‍ ഉപേക്ഷിച്ചിരുന്നു. ഇതോടെ ആഗോള വിപണിയില്‍ എണ്ണയുടെ ആവശ്യമേറുകയായിരുന്നു.
അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് പിന്നാലെ എണ്ണയുത്പാദനം വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. അടുത്ത മാസം എണ്ണയുൽപാദനം വർധിപ്പിക്കുമെന്ന് ഊർജ മന്ത്രി അറിയിച്ചു. എണ്ണവില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം.
ആഗോള വിപണിയിൽനിന്നുള്ള ആവശ്യം വർധിച്ചതോടെ എണ്ണ വില ബാരലിന് 80 ഡോളറിന് മുകളിലാണ്. 2015ന് ശേഷമുള്ള മികച്ച വിലയിലാണ് ഇപ്പോള്‍ എണ്ണ വിപണി.
അമേരിക്കന്‍ ഉപരോധം കണക്കിലെടുത്ത് ഇറാന്റെ എണ്ണ ചില രാജ്യങ്ങള്‍ ഉപേക്ഷിച്ചിരുന്നു. ഇതോടെ ആഗോള വിപണിയില്‍ എണ്ണയുടെ ആവശ്യമേറി. ഇതിനാല്‍ എണ്ണോത്പാദനം വര്‍ധിപ്പിക്കണമെന്ന് അമേരിക്ക സൌദി അറേബ്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെറിയ വര്‍ധനവ് വരുത്തി രാജ്യം. ഇതിനിടെ എണ്ണോദ്പാദനം കൂട്ടേണ്ട എന്ന തീരുമാനത്തില്‍ ഒപെക് യോഗം പിരിഞ്ഞു. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. ഇത് കണക്കിലെടുത്ത് ഈ മാസം എണ്ണയുൽപാദനത്തിൽ വർധനവ് വരുത്തിയിട്ടുണ്ട്.
ഈ മാസം പ്രതിദിനം 10.07 ദശലക്ഷം ബാരൽ തോതിലാണ് സൗദി അറേബ്യ എണ്ണയുൽപാദിപ്പിക്കുന്നത്. അടുത്ത മാസം ഉൽപാദനം ഇനിയും ഉയർത്താനാണ് തീരുമാനമെന്ന് ഊര്‍ജ മന്ത്രി എഞ്ചി. ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.
എണ്ണ ഉപഭോഗം കുറക്കുന്നതിന് റഷ്യൻ പ്രകൃതി വാതകം സൗദി അറേബ്യയെ സഹായിച്ചേക്കും. താരതമ്യേന വില കുറഞ്ഞ റഷ്യൻ പ്രകൃതി വാതകം ലോകത്തിന് ആവശ്യമാണ്. റഷ്യൻ പ്രകൃതി വാതക പദ്ധതിയിൽ പങ്കാളിത്തം വഹിക്കുന്നതിനെ കുറിച്ച് റഷ്യൻ ഗ്യാസ് കമ്പനിയുമായി സൗദി അറാംകോ ചർച്ച നടത്തിയിട്ടുണ്ട്. അമേരിക്കയുടെ ഇറാന് ഉപരോധം ഗുണം ചെയ്യുക സൗദി അറേബ്യക്കാണ്. ഇത് മുന്നില്‍ കണ്ട് വരുന്ന മൂന്ന് മാസങ്ങളിലും എണ്ണോത്പാദനം കൂട്ടാന്‍ റഷ്യയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട് സൗദി.