സ്വകാര്യ സ്കൂളുകളിലെ സ്വദേശിവത്കരണം പതിനാറായിരം ജോലി അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം
|അഡ്മിൻ, സൂപർവൈസർ, പ്രിൻസിപ്പൽ, ആക്റ്റിവിറ്റി ടീച്ചേഴ്സ്, കൗൺസലിങ്ങ് സ്റ്റാഫ് തുടങ്ങിയ ജോലികളിലാണ് സ്വദേശികളെ നിയമിക്കുക
സൗദിയിലെ സ്വകാര്യ സ്കൂളുകളിലെ ഓഫീസ് ജോലികൾ സ്വദേശിവത്കരിക്കുന്നതോടെ പതിനാറായിരം പേര്‍ക്ക് ജോലി ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാര്‍ഥികളുടെ പഠനത്തിന് പ്രയാസമുണ്ടാക്കാതെ തീരുമാനം നടപ്പാക്കും. തീരുമാനം നടപ്പാക്കുന്നതോടെ നിരവധി ഇന്ത്യക്കാര്‍ക്കും ജോലി നഷ്ടമാകും.
മൂന്ന് മാസത്തിനിടയിൽ 16000 പേർക്ക് ജോലി ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ വക്താവ് മുബാറക് അൽ ഉസൈമിയാണ് പറഞ്ഞത്. അതതു മേഖല വിദ്യാഭ്യാസ കാര്യാലയത്തിന് തീരുമാനം നടപ്പിലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പഠനത്തിന് പ്രയാസമുണ്ടാക്കാത്തവിധം തീരുമാനങ്ങൾ നടപ്പിലാക്കുമെന്നും വക്താവ് പറഞ്ഞു.
ഓഫീസ് ജോലികളിലും സ്കൂൾ നടത്തിപ്പിലും കഴിവുറ്റവരും യോഗ്യരുമായ ആളുകൾ സ്വദേശികളിലുണ്ട്. സ്വകാര്യ സ്കൂളുകളിലെ സ്വദേശികളായ അധ്യാപകർ യോഗ്യതയും പരിചയവും തെളിയിച്ചവരാണെന്നും മന്ത്രാലയം വിശദീകരിച്ചു. കഴിഞ്ഞ ദിവസമാണ് സ്വകാര്യ ഇൻറർനാഷനൽ സ്കൂളിലെ ഓഫീസ് ജോലികളിൽ സ്വദേശികളെ നിയമിക്കാൻ വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് അൽ ഈസ നിർദേശം നൽകിയത്.
അഡ്മിൻ, സൂപർവൈസർ, പ്രിൻസിപ്പൽ, ആക്റ്റിവിറ്റി ടീച്ചേഴ്സ്, കൗൺസലിങ്ങ് സ്റ്റാഫ് തുടങ്ങിയ ജോലികളിലാണ് സ്വദേശികളെ നിയമിക്കുക. തീരുമാനം രാജ്യത്തെ മുഴുവൻ സ്വകാര്യ, അന്താരാഷ്ട്ര സ്കൂളുകൾക്കും ബാധകമാകും.