ജിദ്ദയില്‍ ട്രാഫിക്ക് പൊലീസുകാരനെ ആക്രമിച്ച സംഭവം; പ്രതികള്‍ക്ക് പരസ്യമായി ചാട്ടയടിയും 80 വര്‍ഷം തടവും
|ജിദ്ദയില്‍ ട്രാഫിക്ക് പോലീസുകാരനെ ആക്രമിച്ച പ്രതികള്‍ക്ക് പരസ്യമായി ചാട്ടയടി നല്‍കി. അക്രമ സംഭവം നടന്ന അതേ സ്ഥലത്ത് വെച്ച് തന്നെയാണ് പ്രതികള്‍ക്കുള്ള ശിക്ഷ നടപ്പാക്കിയത്. 80 വര്‍ഷം തടവും തവണകളായുള്ള ചാട്ടയടിയുമാണ് ജിദ്ദ ക്രിമിനല്‍ കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒരു കൂട്ടം യുവാക്കള്‍ ജിദ്ദയിലെ അല്‍ ഹംറ ഡിസ്ട്രിക്റ്റില്‍ കോര്‍ണേഷ് റോഡില്‍ ക്വോഡ് ബൈക്കുകള്‍ ഉപയോഗിച്ച് ഭീതിപരത്തിയത് ട്രാഫിക്ക് കുരുക്കിന് കാരണമായിരുന്നു. ഇത് തടയാനുള്ള ശ്രമത്തിനിടയിലായിരുന്നു ട്രാഫിക്ക് പോലീസുകാരനും കൂടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനും ആക്രമിക്കപ്പെട്ടത്. സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ധിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു പ്രതി ക്വാഡ് ബൈക്കുപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ശേഷം പ്രദേശത്ത് അഴിഞ്ഞാടി ഭീകരാന്തരീഷം സൃഷ്ടിച്ച ആക്രമികള്‍ വീണ്ടും ബൈക്കുപയോഗിച്ച് പോലീസുകാരനെയും കൂടെയുണ്ടായിരുന്നവരേയും ഇടിച്ച് തെറിപ്പിക്കാന്‍ ശ്രമിച്ചു. വിവരമറിഞ്ഞ് കൂടുതല്‍ പോലീസ് സേന സ്ഥലത്തെത്തിയപ്പോഴേക്കും ആക്രമികള്‍ രക്ഷപ്പെട്ടിരുന്നു. കാല്‍മുട്ടിന് പരിക്കേറ്റ പോലീസുകാരനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഈ സംഭവങ്ങള്‍ തൊട്ടടുത്ത ഫ്ലാറ്റില്‍ നിന്ന് ഒരു സൗദി വനിത മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇത് ശ്രദ്ധിയില്‍പെട്ടതിനെ തുടര്‍ന്ന് മക്ക ഗവര്‍ണ്ണറുടെ നിര്‍ദ്ധേശപ്രകാരം മക്ക മേഖലാ പോലീസ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അഈദ് അല്‍കര്‍നിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടി. പോലീസുകാരനെ ആക്രമിച്ച 25 വയസ്സുകാരനായ പ്രതി സിദ്ദീക്ക് സംഭവ സ്ഥലത്ത് വെച്ച് തന്നെ പിടിയിലായിരുന്നു. കേസില്‍ ആകെ ഏഴ് പ്രതികളാണുള്ളത്. മുന്ന് പേര് ചാഢ് വംശചരും രണ്ട് യമനികളും ഒരു നൈജീരിയക്കാരനും ഒരാള്‍ സൗദി പൗരനുമാണ്. ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ക്ക് യഥാക്രമം 1800, 1600 വീതം ചാട്ടയടിയും. നാലാം പ്രതിക്ക് 1500 ഉം മറ്റുള്ളവര്‍ക്ക് 500 ചാട്ടയടിയുമാണ് ശിക്ഷ. കൂടാതെ എല്ലാ പ്രതികളും ചേര്‍ന്ന് 80 വര്‍ഷം തടവ് ശിക്ഷയും അനുഭവിക്കണം. ശിക്ഷ പൂര്‍ത്തീകരിച്ച ശേഷം വിദേശികളെ നാടുകടത്താനും കോടതി വിധിച്ചു.