സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് രാജ്യവിരുദ്ധ പ്രവര്‍ത്തനം; 1500 പേരെ മൂന്ന് വര്‍ഷത്തിനിടെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സൗദി
|സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തിന് ശ്രമിച്ച 1500 പേരെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സൗദി അറേബ്യ. റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ അറസ്റ്റ് ചെയ്തവരില്‍ നിന്ന് ലഭിച്ച തുക മുഴുവനായും ഖജനാവിലേക്കാണ് മാറ്റിയത്. ആക്ടിവിസ്റ്റുകളെന്ന പേരില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയത് തെളിയിക്കുന്ന വീഡിയോ പുറത്ത് വിടുമെന്ന് സൗദി രാജകുമാരന്‍ പറഞ്ഞു.
ഡ്രൈവിങ് അനുവദിക്കുന്നതിന് മുന്നോടിയായാണ് വനിതകളില്‍ ചിലര്‍ അറസ്റ്റിലായത്. അത് ആ അവകാശത്തിന് വേണ്ടി ഇറങ്ങിയതു കൊണ്ടാണെന്നത് തെറ്റിദ്ധാരണയാണ്. രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തിനാണ് അവര്‍ അറസ്റ്റിലായത്. മാധ്യമങ്ങളോട് സംസാരിച്ചതിനല്ല അറസ്റ്റ് ചെയ്തത്. വിദേശ രാജ്യങ്ങളിലെ ഇന്റലിജന്‍സ് ഉദ്യേഗസ്ഥരുമായി സംസാരിച്ചതിനാണ്. അതിന്റെ വീഡിയോ തെളിവുകള്‍ കൈവശമുണ്ട്. അത് പുറത്തു വിടുമെന്നും കിരീടാവകാശി പറഞ്ഞു. അഭിമുഖത്തിലാണ് കിരീടാവകാശിയുടെ പ്രതികരണം. 1500 പേരെയാണ് മൂന്ന് വര്‍ഷത്തിനിടെ അറസ്റ്റ് ചെയ്തത്. സമാന കുറ്റത്തിന് അന്‍പതിനായിരം പേര്‍ തുര്‍ക്കിയില്‍ പിടിയിലായിട്ടുണ്ട്. ഞങ്ങള്‍ പിടിച്ചവരെ നിയമ നടപടി പൂര്‍ത്തിയാക്കി കുറ്റക്കാരല്ലെങ്കില്‍ വെറുതെ വിടുമെന്നും കിരീടാവകാശി പറഞ്ഞു. മുപ്പത്തിയഞ്ച് ബില്യണ്‍ ഡോളറിന് മുകളില്‍ തുകയാണ് റിറ്റ്സ് കാള്‍ട്ടണ്‍ അറസ്റ്റില്‍ നിന്നും ലഭിച്ചത്. അടുത്ത രണ്ട് വര്‍ഷത്തോടെ തുക പൂര്‍ണമായും എത്തും. നാല്‍പത് ശതമാനം പണമായും അറുത് ശതമാനം വസ്തുക്കളായുമായണ് ഖജനാവിലേക്ക് എത്തിയത്. രണ്ട് വര്‍ഷത്തിനകം എല്ലാ കേസുകളും അവസാനിക്കും. എട്ടു പേര്‍ മാത്രമേ നിലവില്‍ കസ്റ്റഡിയില്‍ ഉള്ളൂ. അവര്‍ക്ക് അവരുടെ അഭിഭാഷകരുണ്ടെന്നും കിരീടാവകാശി പറഞ്ഞു.