പൊതുമാപ്പിന് ശേഷം നടത്തിയ പരിശോധന; പതിനെട്ടര ലക്ഷം പേര്‍ പിടിയിലായി
|പൊതുമാപ്പിന് ശേഷം സൗദിയില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ പതിനെട്ടര ലക്ഷത്തിലധികം നിയമലംഘകര്‍ പിടിയിലായി. നിയമലംഘകരില്ലാത്ത രാജ്യം എന്ന കാമ്പയിന്‍റെ ഭാഗമായി രാജ്യമൊട്ടുക്കും നടത്തിവരുന്ന പരിശോധന തുടരുകയാണ്.
നിയമലംഘകരില്ലാത്ത രാജ്യം എന്ന കാമ്പയിന്‍റെ ഭാഗമായി കഴിഞ്ഞ മാര്‍ച്ച് മാസത്തിലായിരുന്നു രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. 90 ദിവസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് രണ്ട് തവണ കാലാവധി നീട്ടി നല്‍കുകയും ചെയ്തു. അഞ്ച് ലക്ഷത്തോളം പേര്‍ ഇത് ഉപയോഗപ്പെടുത്തി രാജ്യം വിട്ടു. ഹുറൂബുകാര്‍ക്കും രാജ്യം വിടാമെന്നതും നിയമപരമായി പോകുന്നവര്‍ക്ക് പുതിയ വിസയില്‍ തിരിച്ചുവരാമെന്നതുമായിരുന്നു കഴിഞ്ഞ പൊതുമാപ്പിന്‍റെ പ്രധാന പ്രത്യേകത. ഇത് ഉപയോഗപ്പെടുത്തി നിരവധിപേര്‍ തിരിച്ചുവരികയും ചെയ്തു. പൊതുമാപ്പ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ മാസം മുതല്‍ ശക്തമായ പരിശോധനയാണ് രാജ്യത്ത് നടന്ന് വരുന്നത്. പരിശോധനയില്‍ പതിനെട്ടര ലക്ഷത്തിലധികം പേര്‍ (18,49,032) പിടിയിലായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.ഇതില്‍ പതിനഞ്ച് ലക്ഷത്തോളം (14,19,953) പേര്‍ ഇഖാമ നിയമലംഘകരും, മൂന്ന് ലക്ഷത്തോളം (2,91,375) പേര്‍ തൊഴില്‍ നിയമലംഘകരുമാണ്. ഒന്നലക്ഷത്തോളം (1,37,704) നുഴഞ്ഞുകയറ്റക്കാരും പിടിയിലായിട്ടുണ്ട്. നിയമലംഘകര്‍ക്ക് താമസ, യാത്രാ സൗകര്യങ്ങള്‍ ചെയ്തു കൊടുത്ത കുറ്റത്തിന് മൂവായിരത്തോളം (2,753) വിദേശികളേയും എഴുന്നൂറോളം (706) സ്വദേശികളേയും പിടികൂടി. അതിര്‍ത്തികള്‍ വഴി രാജ്യത്തേക്ക് നുഴഞ്ഞ് കയറാനും വിദേശങ്ങളിലേക്ക് കടക്കാനും ശ്രമിക്കുന്നതിനിടയില്‍ മുപ്പതിനായിരത്തിലധികം (31,183+1458) പേരാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. രാജ്യത്ത് നിയമലംഘകരെ കണ്ടെത്താന്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിവരുന്ന പരിശോധന ശക്തമായി തുടരുകയാണ്.