Saudi Arabia
മാധ്യമ പ്രവര്‍ത്തകന്റെ തിരോധാനം; സൗദി തുര്‍ക്കി സംയുക്ത അന്വേഷണം
Saudi Arabia

മാധ്യമ പ്രവര്‍ത്തകന്റെ തിരോധാനം; സൗദി തുര്‍ക്കി സംയുക്ത അന്വേഷണം

Web Desk
|
13 Oct 2018 5:44 PM GMT

മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ തിരോധാനം അന്വേഷിക്കാന്‍ സൗദി സംഘം തുര്‍ക്കിക്കൊപ്പം അന്വേഷണത്തിന്റെ ഭാഗമാകുന്നു. ഇതിന്റെ ഭാഗമായി സൗദി സംഘം തുര്‍ക്കിയിലെത്തിയിട്ടുണ്ട്. ഇതിനിടെ മാധ്യമപ്രവര്‍ത്തകന്‍ ധരിച്ചിരുന്ന ഐ വാച്ചില്‍ നിന്നും സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായി തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയില്‍ മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ എത്തുന്നത്. പിന്നീട് കാണാതാവുകയായിരുന്നു. കോണ്‍സുലേറ്റിനകത്ത് ഇദ്ദേഹം കൊല്ലപ്പെട്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് പ്രാദേശിക അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം സൗദി ഭരണകൂടം നിഷേധിച്ചു. ഔദ്യോഗികമായ അന്വേഷണ ഫലം തുര്‍ക്കി അധികൃതരും പുറത്ത് വിട്ടിട്ടില്ല. ഇതിനിടെയാണ് അന്വേഷണത്തിന്റെ ഭാഗമാകാന്‍ താല്‍പര്യം പ്രകടിപ്പിച്ച സൗദിയെ തുര്‍ക്കി അന്വേഷണ സംഘത്തിന്റെ ഭാഗമാക്കിയത്. അമേരിക്കന്‍ സംഘം നടത്തുന്ന അന്വേഷണവും പുരോഗമിക്കുകയാണ്.

സൗദിയിലെ അറബ് ന്യൂസിലും അല്‍ വതന്‍ പത്രത്തിലും ജോലി ചെയ്തിരുന്നു സൗദി പൗരനും മാധ്യമ പ്രവര്‍ത്തനുമായ ജമാല്‍ ഖഷോഗി. വാഷിങ്ടണ്‍ പോസ്റ്റില്‍ നിലവില്‍ കോളമിസ്റ്റാണ്. സൗദി ഭരണകൂട വിമര്‍ശകനായി അറിയപ്പെടുന്ന ഖഷോഗി തുര്‍ക്കിയിലാണ് താമസം. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വിവാഹത്തിന് വേണ്ടി രേഖകള്‍ ശരിയാക്കാന്‍ പ്രതിശ്രുത വധുവിനൊപ്പമാണ് ഇദ്ദേഹമെത്തിയത്. ഖഷോഗിയെ വധിക്കാന്‍ ഒരു സംഘം കോണ്‍സുലേറ്റില്‍ എത്തിയതായി തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് അവാസ്തവമാണെന്ന് സൗദി നിഷേധിച്ചിരുന്നു. ഇതിനിടെ മാധ്യമ പ്രവര്‍ത്തകന്‍ ധരിച്ച ഐ വാച്ചില്‍ നിന്നുള്ള വിവരങ്ങള്‍ തുര്‍ക്കി അന്വേഷണ സംഘം ശേഖരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ നിന്നും എന്തെങ്കിലും വിവരം ലഭിക്കുമെന്നാണ് സൂചന. എന്നാല്‍ നിശ്ചിത പരിധിക്കകത്ത് നിന്നാലേ വിവരങ്ങള്‍ ഐ വാച്ച് വഴി ലഭിക്കൂവെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. എങ്കിലും വാച്ചില്‍ നിന്ന് തിരോധാനം സംബന്ധിച്ച വിവരങ്ങള്‍ എന്തെങ്കിലും ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് വാര്‍ത്താ ലോകം.

Similar Posts