സൗദിയില്‍ ഇനി അബ്ഷിര്‍ പോര്‍ട്ടലിലൂടെ മൂന്ന് പുതിയ സേവനങ്ങള്‍ കൂടി
|ജവാസാത്തില്‍ നിന്നും വിവിധ സേവനങ്ങള്‍ക്ക് രണ്ടാമതൊരാളെ നിയമിക്കാമെന്നതാണ് പ്രധാന സേവനം
സൗദിയില്‍ വ്യക്തികളുടെ ഓണ്‍ലൈന്‍ സേവനത്തിന് ആരംഭിച്ച അബ്ഷിര്‍ പോര്‍ട്ടലില്‍ മൂന്ന് പുതിയ സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. ജവാസാത്തില്‍ നിന്നും വിവിധ സേവനങ്ങള്‍ക്ക് രണ്ടാമതൊരാളെ നിയമിക്കാമെന്നതാണ് പ്രധാന സേവനം. വിദേശികളുടെ പുതിയ പാസ്പോര്‍ട്ട് വിവരങ്ങള്‍ ചേര്‍ക്കാനും ഓണ്‍ലൈന്‍ വഴി സാധിക്കും.
അബ്ഷിര്‍ റജിസ്ട്രേഷന് പൂര്‍ത്തീകരിച്ച സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉപകാരപ്പെടുന്നതാണ് പുതിയ സേവനങ്ങള്‍. സമ്പൂര്‍ണ ഓതറൈസേഷന്‍ സേവനമാണ് ഇതില്‍ പ്രമുഖമായത്. ജവാസാത്തില്‍ നിന്ന് 21 സേവനങ്ങള്‍ക്ക് മറ്റാരെയെങ്കിലും ഉത്തരവാദിത്തം ഏല്പിക്കാന് ഇതിലൂടെ സാധിക്കും. സ്വദേശികളെയോ വിദേശികളെയോ ഇത്തരത്തില്‍ പകരം ഉത്തരവാദിത്തം ഏല്പിക്കാവുന്നതാണ്. പുതിയ പാസ്പോര്‍ട്ട് എടുക്കല്‍, നിലവിലുള്ളത് പുതുക്കല്‍, പാസ്പോര്‍ട്ട് കൈപറ്റല്‍, ഹുറൂബ് രേഖപ്പെടുത്തല്‍, സന്ദര്‍ശന വിസ കാലാവധി നീട്ടല്‍ തുടങ്ങിയവ ഈ സേവനത്തിന്റെ കീഴില്‍ വരുന്നതാണ്. ഏല്പിക്കപ്പെടുന്ന വ്യക്തിക്ക് അബ്ഷിര്‍ റജസ്ട്രേഷന് ഉണ്ടായിരിക്കണമെന്നത് ഇതിന്റെ നിബന്ധനയില്‍ പെട്ടതാണ്.
വിദേശികളുടെ പുതിയ പാസ്പോര്‍ട്ട് വിവരങ്ങള്‍ ചേര്‍ക്കലാണ് മറ്റൊരു സേവനം. നഖല്‍ മഅലൂമാത്ത് എന്നാണ് ഇതറിയപ്പെടുന്നത്. 100 പേരില്‍ കുറഞ്ഞ ജോലിക്കാരുള്ള സ്ഥാപനങ്ങള്‍ക്കും വ്യക്തികളുടെ ആശ്രിതരായി കഴിയുന്നവരുടെ പുതിയ പാസ്പോര്‍ട്ട് വിവരങ്ങളും ഇത്തരത്തില്‍ വിസ വിവരങ്ങളില്‍ ഉള്‍പ്പെടുത്താനാവും. മുമ്പ് ജവാസാത്ത് ഓഫീസില്‍ നിന്ന് ചെയ്തിരുന്ന ഈ സേവനവും ഇപ്പോള്‍ അബ്ഷിര്‍ വഴി നടക്കും. വിദേശികളുടെ വിവരങ്ങള്‍ അടങ്ങിയ പ്രിന്റ് ലഭിക്കുന്നതാണ് മൂന്നാമത്തെ ഓണ്‍ലൈന്‍ സേവനം. സ്പോര്‍സര്‍മാര്‍ക്ക് തങ്ങളുടെ കീഴിലുള്ള വിദേശികളുടെ വിസ, പാസ്പോര്‍ട്ട്, വാഹനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭിക്കാനും അത് ആവശ്യമായ അധികൃതര്‍ക്ക് സമര്‍പ്പിക്കാനും ഈ പ്രിന്റ് സംവിധാനം ഏറെ സഹായകമാവും.