Saudi Arabia
മാധ്യമ പ്രവര്‍ത്തകന്റെ തിരോധാനം; എണ്ണ വില ഉയര്‍ത്തിയേക്കുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍
Saudi Arabia

മാധ്യമ പ്രവര്‍ത്തകന്റെ തിരോധാനം; എണ്ണ വില ഉയര്‍ത്തിയേക്കുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍

Web Desk
|
16 Oct 2018 6:43 PM GMT

മാധ്യമ പ്രവര്‍ത്തകന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഏകപക്ഷീയ നടപടികള്‍ ഉണ്ടായാല്‍ സൗദി എണ്ണ വില ഉയര്‍ത്തിയേക്കുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍. അന്വേഷണം തീരും മുമ്പ് സൗദിയെ ഒറ്റപ്പെടുത്താനുള്ള നീക്കമുണ്ടായാല്‍ എണ്ണ വില ബാരലിന് നാനൂറ് ഡോളര്‍ എത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്.

തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റ് കേന്ദ്രീരീകരിച്ചാണ് മാധ്യമ പ്രവര്‍ത്തകന്റെ തിരോധാനം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നത്. ഇതുവരെ തെളിവ് ലഭിച്ചതായി സൗദിയോ തുര്‍ക്കിയോ അമേരിക്കയോ ഔദ്യോഗികമായി പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ സൗദിക്കെതിരെ ഉപരോധമുണ്ടായാല്‍ എണ്ണ വെച്ച് തിരിച്ചടിക്കുമെന്നാണ് സാമ്പത്തിക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇറാനെതിരായ ഉപരോധത്തിലൂടെ ഇറാന്റെ എണ്ണ മാര്‍ക്കറ്റില്‍ നിന്നും അമേരിക്ക ഇല്ലാതാക്കും. ഇതിന് ബദല്‍ കാണുന്നത് സൗദിയുടെ എണ്ണയാണ്. നയതന്ത്ര പ്രയാസങ്ങള്‍ കനക്കുന്നതിനിടെ സൗദിക്ക് പിന്തുണയുമായി യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത്, കുവൈത്ത്, യമന്‍, ജോര്‍ദാന്‍, ഒമാന്‍, എന്നീ രാജ്യങ്ങളും മുസ്ലിം വേള്‍ജ് ലീഗും രംഗത്തുണ്ട്. ഇതിനിടെ റഷ്യയുമായി കിരീടാവകാശി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ പെട്രോൾ ഉൽപാദിപ്പിക്കുകയും കയറ്റി അയക്കുകയും ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. രാജ്യത്ത് 266.26 ബില്യൺ ബാരൽ എണ്ണ ശേഖരമുണ്ട്. ആഗോള വിപണിക്ക് 68 വർഷത്തേക്ക് ആവശ്യമായ എണ്ണക്കു സമമാണിത്.

സൗദി അറേബ്യക്കെതിരായി ഉപരോധം വന്നാല്‍ എണ്ണ കയറ്റുമതിയെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. സൗദി നേതൃത്വത്തില്‍ ഒപെക് എണ്ണ ഉത്പാദനം നിയന്ത്രിച്ചതോടെ വിലയിപ്പോള്‍ ബാരലിന് 80 ഡോളറിന് മുകളിലാണ്. ഉപരോധ സാഹചര്യമുണ്ടായാല്‍ എണ്ണ ഉത്പാദനം കുത്തനെ കുറച്ച് സൗദി നേരിടുമെന്നാണ് സാമ്പത്തിക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് ആഗോള വിപണിയിലെ എണ്ണ വില 400 ഡോളര്‍ വരെ എത്തിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. ഇത് മുന്‍കൂട്ടി കണ്ടാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് സ്റ്റേറ്റ് സെക്രട്ടറിയെ ചര്‍ച്ചക്കായി സൗദിയിലേക്ക് അയച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തല്‍. മാധ്യമങ്ങളുടെ ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടായാല്‍ തിരിച്ചടിക്കുമെന്ന് സൗദി നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു. ഇത് നഷ്ടം വരുത്തുക അമേരിക്കക്ക് കൂടിയാകുമെന്നതിനാല്‍ അന്വേഷണം സംബന്ധിച്ച വരും ദിനങ്ങളിലെ കാര്യങ്ങള്‍ നിര്‍ണായകമാണ്.

Similar Posts