സ്വദേശി പാര്‍പ്പിട പദ്ധതി; മുപ്പത്തയ്യായിരം പേര്‍ക്ക് കൂടി വീട് ലഭിക്കും
|വാടക കെട്ടിടങ്ങളില്‍ നിന്ന് മാറി സ്വന്തം വീടുകളിലേക്ക് സ്വദേശികള്‍ മാറിത്തുടങ്ങിയതോടെ രാജ്യത്തെ വാടകയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്
സൌദിയില്‍ മുപ്പത്തി അയ്യായിരത്തിലേറെ പേര്‍ക്കു കൂടി വീട് നിര്‍മിക്കാനുള്ള പദ്ധതിക്ക് പാര്‍പ്പിട മന്ത്രാലയം തുടക്കം കുറിച്ചു. മൂന്ന് ലക്ഷം പേര്‍ക്ക് വീടു വെക്കാനുള്ള സംരംഭത്തിന്റെ ഭാഗമായാണിത്. വാടക വീടുകളില്‍ നിന്ന് സ്വന്തം വീടുകളിലേക്ക് സ്വദേശികള്‍ മാറിത്തുടങ്ങിയതോടെ രാജ്യത്ത് കെട്ടിട വാടക ഇടിയുകയാണ്.
റിയല്‍ എസ്റ്റേറ്റ് വികസന ഫണ്ടുമായി സഹകരിച്ചാണ് പാര്‍പ്പിട പദ്ധതി. ഇതു പ്രകാരം മൂന്ന് ലക്ഷം വീടുകളാണ് പാര്‍പ്പിട മന്ത്രാലയം ഒന്നാം ഘട്ടത്തില്‍ നിര്‍മിച്ച് നല്‍കുക. ഈ പദ്ധതിക്കായുള്ള പത്താം ഗഡു അനുവദിച്ചാണ് റിയല്‍ എസ്റ്റേറ്റ് വികസന ഫണ്ട് ഇക്കാര്യമറിയിച്ചത്. പത്താം ഗഡുവിലൂടെ മുപ്പത്തി നാലായിരത്തി അഞ്ഞൂറിലേറെ പേര്‍ക്ക് വീടുകള്‍ ലഭിക്കും. ഇതിനകം രണ്ട് ലക്ഷത്തിലേറെ വീടുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. സ്വദേശികള്‍ക്ക് ഒന്നിച്ച് താമസിക്കാന്‍ പാകത്തില്‍ പ്രത്യേക മേഖലകളാക്കിയാണ് നിര്‍മാണങ്ങള്‍ നടക്കുന്നത്.
ദുബൈ മാതൃകയില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഇതിനകം നിരവധി സ്വദേശികള്‍ അപേക്ഷ നല്കി കഴിഞ്ഞു. വാടകക്ക് വിവിധ പ്രദേശങ്ങളിലായി മാറിമാറിക്കഴിഞ്ഞിരുന്ന സൌദി സ്വദേശികളുടെ രീതിക്ക് കൂടിയാണ് ഇതോടെ മാറ്റം വരുന്നത്. സബ്സിഡിയുള്ള പദ്ധതിക്ക് ലോണുകളും മന്ത്രാലയം നല്‍കുന്നുണ്ട്. വാടക കെട്ടിടങ്ങളില്‍ നിന്ന് മാറി സ്വന്തം വീടുകളിലേക്ക് സ്വദേശികള്‍ മാറിത്തുടങ്ങിയതോടെ രാജ്യത്തെ വാടകയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.