സൗദിയിലെ ചില്ലറ വില്പന കേന്ദ്രങ്ങളില്‍ ഇനി വാറ്റ് നിര്‍ബന്ധം
|അഞ്ച് ശതമാനമാണ് സൌദിയിലെ വാറ്റ്.
സൗദിയിലെ ചില്ലറ വില്പന കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ച വസ്തുക്കളുടെ വില മൂല്യവര്‍ധിത നികുതി കൂടി ഉള്പ്പെട്ടതായിരിക്കണമെന്ന് സകാത്ത് ആന്റ് ഇന്‍കം ടാക്സ് അതോറിറ്റി വ്യക്തമാക്കി. പ്രദര്‍ശിപ്പിച്ച വിലയില്‍ പിന്നീട് നികുതി കൂട്ടി വാങ്ങുന്ന പ്രവണത ഒഴിവാക്കല്‍ അനിവാര്യമാണെന്നും അതോറിറ്റി ഓര്‍മിപ്പിച്ചു. അഞ്ച് ശതമാനമാണ് സൌദിയിലെ വാറ്റ്.
ഉപഭോക്താക്കള്‍ക്കും ടാക്സ് അതോറിറ്റിക്കും സുതാര്യമായി വ്യക്തമാക്കുന്ന തരത്തിലായിരിക്കണം ബില്ല്. ടാക്സ് ഉള്‍പ്പെട്ട ബില്ല് അറബിയിലായിരിക്കണം. സ്ഥാപനത്തിന്റെ വാറ്റ് റജിസ്ട്രേഷന് നമ്പര്‍ ബില്ലില്‍ കാണിച്ചിരിക്കണമെന്നും നിബന്ധനയുണ്ടെന്നും അതോറിറ്റി ഓര്‍മിപ്പിച്ചു. അറബിയിലല്ലാതെ ബില്ല് നല്‍കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അതോറിറ്റിയുടെ 1900 എന്ന ഏകീകൃത നമ്പറില്‍ വിവരമറിയിക്കാം. ബില്ല് ടാക്സ് അതോറിറ്റി നിശ്ചയിച്ച പ്രത്യേക മാതൃകയിലായിരിക്കണമെന്നും നിബന്ധനയുണ്ട്. ബില്‍ നമ്പര്‍, സ്ഥാപനത്തിന്റെ പേര്, അഡ്രസ്, ബില്‍ തിയതി, വാറ്റ് കൂടാതെയുള്ള വില, അഞ്ച് ശതമാനം വാറ്റ് സംഖ്യ, വാറ്റ് ഉള്‍പ്പെട്ട വില എന്നിവയും ബില്ലില്‍ ഉള്‍പ്പെട്ടിരിക്കണം. വാറ്റ് റജിസ്ട്രേഷന് നമ്പര്‍ കാണിക്കാതെ വാറ്റ് ചുമത്തുന്നത് പിഴ ഈടാക്കുന്ന നിയമലംഘനമായി പരിഗണിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.