ജമാല്‍ ഖശോഗി വധം; സൗദിയെ ഒറ്റപ്പെടുത്താനില്ലെന്ന് അമേരിക്ക
|എണ്ണ തന്ത്രം രൂപീകരിക്കാന്‍ അമേരിക്കക്ക് സൗദിയുടെ സാമീപ്യം ആവശ്യമാണ്. പുറമെ ബില്യണ്‍ കണക്കിന് ഡോളറിന്റെ ആയുധങ്ങളാണ് സൗദി അമേരിക്കയില്‍ നിന്നും വാങ്ങുന്നത്.
ജമാല്‍ ഖശോഗിയുടെ കൊലപാതകത്തിന്റെ പേരില്‍ സൗദിയുമായുള്ള ആയുധ ഇടപാട് റദ്ദാക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. സംഭവത്തില്‍ എന്തുചെയ്യണമെന്നത് സെനറ്റുമായി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയും സൗദിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ട്രംപിന്റെ പ്രസ്താവന.
ജമാല്‍ ഖശോഗിയുടെ മരണം സൗദി അറേബ്യ പ്രഖ്യാപിച്ചത് പ്രാദേശിക സമയം പുലര്‍ച്ച ഒരു മണിക്കാണ്. ഇതിന് പിന്നാലെ ആദ്യം പ്രതികരണവുമായി എത്തിയത് അമേരിക്കന്‍ പ്രസിഡണ്ടാണ്. തുര്‍ക്കിയില്‍ നടന്നത് അംഗീകരിക്കാനാകില്ലെന്നും ഇതിന്റെ പേരില്‍ സൗദിയുമായുള്ള കരാറുകള്‍ റദ്ദാക്കാനാകില്ല എന്നുമാണ് ഡോണള്‍ഡ് ട്രംപിന്റെ നിലപാട്. ഇറാനെതിരായ പോരാട്ടത്തില്‍ സൗദി വേണമെന്നും കേസിലെ അറസ്റ്റുകള്‍ നല്ല കാല്‍വെപ്പാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ പ്രസിഡഡന്റായി അധികാരമേറ്റ ശേഷമുള്ള ട്രംപിന്റെ ആദ്യ യാത്ര സൗദിയിലേക്കായിരുന്നു. വിപണി സാധ്യത കണകക് കൂട്ടി മാത്രമായിരുന്നില്ല ഇത്. 68 വര്‍ഷത്തേക്ക് ആഗോള വിപണിയിലേക്കുള്ള എണ്ണയുടെ ശേഖരമുള്ള രാജ്യമാണ് സൗദി അറേബ്യ. എണ്ണ തന്ത്രം രൂപീകരിക്കാന്‍ അമേരിക്കക്ക് സൗദിയുടെ സാമീപ്യം ആവശ്യമാണ്.
ബില്യണ്‍ കണക്കിന് ഡോളറിന്റെ ആയുധങ്ങളാണ് സൗദി അമേരിക്കയില്‍ നിന്നും വാങ്ങുന്നത്. ഈ ഇടപാട് പ്രാബല്യത്തിലാണ്. ഇതിനിടയില്‍ കരാര്‍ റദ്ദാക്കുന്നത് സ്വയം ശിക്ഷിക്കുന്നതിന് സമമാകുമെന്ന കണക്ക് കൂട്ടലിലാണ് ബിസിനസ് പ്രമുഖന്‍ കൂടിയായ ട്രംപ്. ബാക്കിയുള്ളവര്‍ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാലും അമേരിക്കയുമായി എല്ലാ തലത്തിലും സഹകരിക്കുന്ന സൗദിക്ക് ഈ നിലപാട് നേട്ടമാകും.