മലയാളികളുള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ കുഴിച്ചു മൂടി കൊന്ന കേസ്; സൗദി സ്വദേശികളുടെ വധശിക്ഷ നടപ്പിലാക്കി
|മൂന്നു മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടി കൊന്ന കേസില്‍ സൗദി സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി. മൂന്ന് പേരെയാണ് വധശിക്ഷക്ക് വിധേയരാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2010ല്‍ നടന്ന സംഭവം നാലു വര്‍ഷം കഴിഞ്ഞാണ് പുറം ലോകം അറിഞ്ഞത്.
സൗദി അറേബ്യയിലെ ഖത്തീഫ് മേഖലയിലുള്ള സഫ്‌വയിലായിരുന്നു കൊലപാതകം. കൊല്ലം ശാസ്താംകോട്ട സ്വദേശി ഷാജഹാന്‍ അബൂബക്കര്‍, കണ്ണനല്ലൂര്‍ സ്വദേശി ശൈഖ് ദാവൂദ്, തിരുവന്തപുരം സ്വദേശി അബ്ദുല്‍ഖാദര്‍ സലീം എന്നിവരാണ് ജീവനോടെ കുഴിച്ചു മൂടപ്പെട്ട മലയാളികള്‍. തമിഴ്‌നാട് സ്വദേശികളായ അക്ബര്‍ ബഷീര്‍, ലാസര്‍ എന്നിവരും ഇവര്‍ക്കൊപ്പം മരിച്ചു. സൗദി പൗരന്മാരായ മൂന്ന് പേര്‍ ഇവരെ ഫാമിലേക്ക് വിളിച്ചു വരുത്തിയാണ് കൃത്യം നിര്‍വഹിച്ചത്. മയക്കു പാനീയം നല്‍കി ജീവനോടെ കുഴിച്ചു മൂടിയെന്നാണ് കേസ്.
സംഭവം നടന്നത് 2010ല്‍. ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് കൊലപാതകം നടന്ന തോട്ടത്തില്‍ കൃഷിയാവശ്യത്തിനായി 2014 ല്‍ കുഴിയെടുത്തപ്പോഴും. പ്രതികള്‍ കുഴിയിലിട്ട തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയതോടെയാണ് കേസിന് തുമ്പുണ്ടായത്. ഡിഎന്‍എ പരിശോധന നടത്തി മരിച്ചവരെ തിരിച്ചറിഞ്ഞു. നേരത്തെയുണ്ടായ വാക്കേറ്റത്തിന് പിറകെയാണ് ഫാമിലേക്ക് വിളിച്ചു വരുത്തിയതെന്നാണ് കേസ്, പ്രതികള്‍ മദ്യപിച്ചിരുന്നതായും കണ്ടെത്തി. മൂന്നു പേര്‍ക്കും വിചാരണ കോടതി നല്‍കിയ വധശിക്ഷ അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെച്ചു. ഇന്നലെ സല്‍മാന്‍ രാജാവിന്റെ അനുമതി ലഭിച്ചതോടെയാണ് ശിക്ഷ നടപ്പിലാക്കിയത്.