Saudi Arabia
ഖത്തറിന് സൗദിയുടെ പ്രശംസ; കൈയടിച്ച് സൗദിയിലെ ആഗോള നിക്ഷേപ സമ്മേളന സദസ്സ്
Saudi Arabia

ഖത്തറിന് സൗദിയുടെ പ്രശംസ; കൈയടിച്ച് സൗദിയിലെ ആഗോള നിക്ഷേപ സമ്മേളന സദസ്സ്

Web Desk
|
25 Oct 2018 6:35 PM GMT

അഞ്ചു വര്‍ഷത്തിനകം നേട്ടമുണ്ടാക്കും; പശ്ചിമേഷ്യയെ അടുത്ത ‘യൂറോപ്പാക്കും’

ആഗോള നിക്ഷേപ സമ്മേളനത്തില്‍ ഖത്തറിന് സൗദി കിരീടാവകാശിയുടെ പ്രശംസ. പശ്ചിമേഷ്യയുടെ വികസനത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് സൗദിയുമായി അകന്നു നില്‍ക്കുന്ന ഖത്തറിനേയും കിരീടാവകാശി പരാമര്‍ശിച്ചത്. സൗദികള്‍ തിങ്ങി നിറഞ്ഞ സദസ്സ് കൈയടികളോടെയാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍ സ്വീകരിച്ചത്.

റിയാദ് റിറ്റ്സ് കാള്‍ട്ടനിലെ ആഗോള നിക്ഷേപ സംഗമമാണ് വേദി. വിഷയം അറബ് മേഖലയുടെ വികസന ഭാവി. ഇതില്‍ പശ്ചിമേഷ്യയെ അടുത്ത മുപ്പത് വര്‍ഷത്തിനകം യൂറോപ്പാക്കുമെന്നായിരുന്നു കിരീടാവകാശിയുടെ പ്രഖ‌്യാപനം. ഇതിന് ശേഷമാണ് വികസനേട്ടമുണ്ടാക്കുന്ന രാജ്യങ്ങള്‍ക്കൊപ്പം ഖത്തറിനേയും പരാമര്‍ശിച്ചത്.

‘ഖത്തറുമായി അഭിപ്രായ വ്യത്യാസമുണ്ട്, എങ്കിലും അവര്‍ക്ക് ശക്തമായ സാമ്പത്തിക രംഗമുണ്ട്. അത് അടുത്ത അഞ്ച് വര്‍ഷത്തിനകം വളരെ മെച്ചപ്പെടും, സൗദിയെ പോലെത്തന്നെ’; സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

കരഘോഷത്തോടെയാണ് കിരീടാവകാശിയുടെ വാക്കുകള്‍ സൗദികളാലും അതിഥികളാലും തിങ്ങി നിറഞ്ഞ സദസ്സ് ശ്രവിച്ചത്. 2017 മുതല്‍ ഖത്തറുമായി വിവിധ വിഷയങ്ങളില്‍ ഇട‍ഞ്ഞ് നില്‍ക്കുന്ന സൗദിയുടെ വാക്കുകള്‍ വ്യാഖ്യാനങ്ങളേറെ നല്‍കി കൗതുകത്തോടെ കാണുകയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍.

Similar Posts