ക്രിസ്തീയ സഭാ സംഘവുമായി സൗദി കിരീടാവകാശി കൂടിക്കാഴ്ച നടത്തി
|അമേരിക്കയില്‍ നിന്നെത്തിയ ക്രിസ്തീയ സഭാ സംഘവുമായി സൗദി കിരീടാവകാശി ചര്‍ച്ച നടത്തി. റിയാദിലെ യമാമ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. വിവിധ വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്.
അമേരിക്കന്‍ എഴുത്തുകാരനും ഇവാഞ്ചലികല് ക്രിസ്ത്യന്‍ സഭയോട് അടുപ്പവമുള്ളയാളാണ് ജോയല്‍ റോസന്‍ബര്‍ഗ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ സന്ദര്‍ശിച്ചത്. രണ്ട് മണിക്കൂറോളം നീണ്ടു കൂടിക്കാഴ്ച. അറബ് മേഖലയിലെ വിവിധ രാഷ്ട്ര തലവന്മാരെ സന്ദര്‍ശിക്കുന്നുണ്ട് ഈ സംഘം. മേഖലയില്‍ മത സംവാദവും ക്രിസ്ത്യന്‍ ആരാധനാ സ്വാതന്ത്ര്യവുമായാണ് വിവിധ രാഷ്ട്രങ്ങളുമായി ഇവര്‍ ചര്‍ച്ച ചെയ്യുന്നത്.
ജോര്‍ദാന്‍, ഈജിപ്ത്, യുഎഇ സന്ദര്‍ശനത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം ഇവര്‍ സൗദിയിലെത്തിയത്. കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി. വിവിധ വിഷയങ്ങളിലെ സഹകരണം, സഹിഷ്ണുത, തീവ്രചിന്താധാരകളെയും തീവ്രവാദത്തെയും ഇല്ലാതാക്കല്‍ എന്നിവയായിരുന്നു പ്രധാന വിഷയങ്ങളെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. കൂടിക്കാഴ്ചയില്‍ അമേരിക്കയിലെ സൗദി അംബാസിഡര്‍, മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍, വിദേശ കാര്യ മന്ത്രി എന്നിവരും പങ്കെടുത്തു, പുതിയ സാഹചര്യത്തില്‍ കൗതുകത്തോടെയാണ് കൂടിക്കാഴ്ചയെ അന്തര്‍ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തിയത്.