ജമാല്‍ ഖശോഗിയുടെ കൊലപാതകം; മൃതദേഹം ആസിഡ് ഉപയോഗിച്ച് അലിയിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍
|തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ മൃതദേഹത്തിനായുള്ള അന്വേഷണം അവസാനിപ്പിക്കുന്നു. ഖശോഗിയുടെ മൃതദേഹം ആസിഡുപയോഗിച്ച് അലിയിപ്പിച്ചെന്നാണ് തുര്‍ക്കി മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കേസില്‍ ക്രിമിനല്‍ അന്വേഷണം തുടരുമെന്ന് തുര്‍ക്കി വ്യക്തമാക്കി.
ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. കേസില്‍ ഉന്നതരടക്കം 18 സൗദി ഉദ്യോഗസ്ഥര്‍ സൗദി അറേബ്യയുടെ കസ്റ്റഡിയിലാണ്. സൗദി തുര്‍ക്കി സംയുംക്ത അന്വേഷണത്തില്‍ ഇതുവരെ മൃതദേഹം കണ്ടെത്താനായിട്ടില്ല. ഖശോഗിയെ കൊന്ന ശേഷം കോണ്‍സുല്‍ ജനറലുടെ വീട്ടിലേക്കാണ് കൊണ്ടു പോയതെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ പറയുന്നു. ഇവിടെ വെച്ച് ആസിഡുപയോഗിച്ച് അലിയിച്ച് കളഞ്ഞെന്നും തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ, കേസുമായി ബന്ധപ്പെട്ട ടേപ്പുകളെല്ലാം തുര്‍ക്കി വിവിധ രാജ്യങ്ങള്‍ക്ക് കൈമാറി.
കേസില്‍ അന്താരാഷ്ട്ര അന്വേഷണമെന്ന ആവശ്യം സൗദി തള്ളിയിരുന്നു. സുതാര്യമായ അന്വേഷണം കേസില്‍ തുടരുകയാണ്. കുറ്റക്കാരെ വെറുതെ വിടില്ലെന്നും സൗദി വ്യക്തമാക്കിയിരുന്നു.