അമേരിക്കയുടെ ഇറാന് ഉപരോധം വിപണിയില്‍ വേണ്ടത്ര പ്രതിഫലനം സൃഷ്ടിച്ചിട്ടില്ല- സൗദി ഊർജ മന്ത്രി
|എണ്ണ ഉല്പാദകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഒപെക് വിപണി ആവശ്യം മുന്‍ നിര്‍ത്തിയാണ് ഉല്പാദന തോത് നിര്‍ണയിക്കാറുള്ളത്. നവംബറില്‍ വന്‍ വിതരണം വേണ്ടി വന്നിരുന്നു
അമേരിക്കയുടെ ഇറാന് ഉപരോധം വിപണിയില്‍ വേണ്ടത്ര പ്രതിഫലനം സൃഷ്ടിച്ചിട്ടില്ലെന്ന് സൌദി ഊര്‍ജ മന്ത്രി. ദിനേന അന്‍പത് ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം കുറക്കുന്നത് വിപണി സന്തുലിതമാക്കാനാണ്. ഒപെക് കൂട്ടായ്മ പിരിച്ചുവിടാനോ അപ്രസക്തമാക്കാനോ സൗദിക്ക് ഉദ്ദേശമില്ലെന്നും മന്ത്രി പറഞ്ഞു.
എണ്ണ ഉല്പാദകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഒപെക് വിപണി ആവശ്യം മുന്‍ നിര്‍ത്തിയാണ് ഉല്പാദന തോത് നിര്‍ണയിക്കാറുള്ളത്. നവംബറില്‍ വന്‍ വിതരണം വേണ്ടി വന്നിരുന്നു. ഡിസംബറില്‍ ഇതിന്റെ പകുതി മതി. അതിനാലാണ് ദിനേന പത്ത് ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഉല്പാദിപ്പിക്കുന്നത് അഞ്ച് ലക്ഷം ബാരലാക്കി കുറക്കാന്‍ തീരുമാനിച്ചതെന്ന് സൌദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.
എന്നാല്‍ വിപണിയില്‍ പെട്ടെന്ന് മാറ്റം സംഭവിക്കാന്‍ സാധ്യതയുണ്ട്. അതനുസരിച്ച് ഒപെക് മേധാവികള്‍ ഉല്പാദനത്തിന്റെ തോതും പുനര്‍നിര്‍ണയിക്കും. നലിവിലെ ഉല്പാദന നിയന്ത്രണം അടുത്ത വര്‍ഷം വരെ തുടരേണ്ടി വരും. അമേരിക്ക ഇറാന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത് പ്രതീക്ഷിച്ചപോലെ വിപണിയില്‍ പ്രതിഫലനം സൃഷ്ടിച്ചിട്ടില്ലെന്നും അല്‍ഫാലിഹ് പറഞ്ഞു.
ഒപെക് കൂട്ടായ്മ പിരിച്ചുവിടാനോ അപ്രസക്തമാക്കാനോ സൗദിക്ക് ഉദ്ദേശമില്ല. അന്താരാഷ്ട്ര എണ്ണ വിപണിയില്‍ ഒപെകിന്റെ മേധാവിത്വം പെട്ടെന്ന് അവസാനിക്കില്ലെന്നും മറിച്ച് ദീര്‍ഘകാലം നിലനില്‍ക്കുമെന്നും ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. റോയിട്ടേഴ്സിന് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രിയുടെ പരാമര്‍ശങ്ങള്‍.