സൗദി ടൂ കരിപ്പൂര്‍; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
|ഡിസംബർ 5ന് ജിദ്ദയിൽ നിന്നാണ് ആദ്യ വിമാനം. റിയാദിൽ നിന്നുള്ള ആദ്യ വിമാനം ഡിസംബർ 7നുമായിരിക്കും.
സൗദിയിൽ നിന്നും കരിപ്പൂരിലേക്ക് സർവീസ് നടത്താനൊരുങ്ങുന്ന സൗദി എയർലൈൻസ്, വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ട്രാവൽസുകൾ മുഖേനയും ഓൺലൈനായും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. അടുത്ത മാസം അഞ്ചിന് ജിദ്ദയിൽ നിന്നാണ് ആദ്യ സർവീസ്.
ട്രാവല്‍സുകൾ മുഖേനയും സൗദി എയർലൈൻസ് വെബ്സൈറ്റിലും സീറ്റുകൾ ലഭ്യമാണ്. ആദ്യ ദിനങ്ങളിലെ യാത്രക്കായി സീറ്റുകൾ ബുക്ക് ചെയ്യുന്ന തിരക്കിലാണ് മലബാറിലെ പ്രവാസികൾ. എന്നാൽ ടിക്കറ്റ് നിരക്ക് ഇപ്പോൾ വളരെ കൂടുതലാണെന്നത് പലരെയും വിഷമിപ്പിക്കുന്നു. നേരത്തെ കൊച്ചിയിലേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് യാത്ര കോഴിക്കോട്ടേക്ക് മാറ്റാനുള്ള അവസരം സൗദി എയർലൈൻസ് നൽകുന്നുണ്ട്. അതുകൊണ്ടു തന്നെ സർവീസ് ആരംഭിക്കുന്ന ആദ്യ ദിനങ്ങളിൽ വളരെ കുറഞ്ഞ സീറ്റുകൾ മാത്രമേ പുതുതായി ലഭ്യമാവുകയുള്ളു. ഇതാണ് തുടക്കത്തിൽ ടിക്കറ്റ് നിരക്ക് കൂടാൻ കാരണമെന്നാണ് സൂചന.
കൊച്ചിയിലേക്കുള്ള അതേ ടിക്കറ്റു നിരക്കിൽ തന്നെയായിരിക്കും കോഴിക്കോട്ടേക്കുമുള്ള നിരക്കെന്ന് എയർലൈൻസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബർ 5ന് ജിദ്ദയിൽ നിന്നാണ് ആദ്യ വിമാനം. റിയാദിൽ നിന്നുള്ള ആദ്യ വിമാനം ഡിസംബർ 7നുമായിരിക്കും. കരിപ്പൂരിൽ നിന്നും ജിദ്ദയിലേക്കു നേരിട്ടുള്ള വിമാനസർവീസ് പ്രവാസികൾക്കെന്ന പോലെ ലക്ഷക്കണക്കിന് ഹജ്ജ് ഉംറ തീര്ഥാടകർക്കും വലിയ അനുഗ്രഹമായിരിക്കുകയാണ്.