ആഗോള വിപണിയില്‍ എണ്ണ വില താഴേക്ക്; ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്
|അമേരിക്കയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സൗദി എണ്ണ വിതരണം വര്‍ധിപ്പിച്ചതോടെ എണ്ണവില കുത്തനെ ഇടിഞ്ഞു. ഒരു വര്‍ഷത്തിനിടയില്‍ ആദ്യമായി എണ്ണവില വീണ്ടും അമ്പത് ഡോളറിന് താഴെയെത്തി. റഷ്യ ഉത്പാദന നിയന്ത്രണം തുടങ്ങാനിരിക്കെ വില ഉയരുമെന്ന പ്രതീക്ഷയിലാണ് ഉത്പാദക രാഷ്ട്രങ്ങള്‍.
2017 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ബാരലിന് എണ്‍പത് ഡോളര്‍ പിന്നിട്ടിരുന്ന എണ്ണ വില ഇടിഞ്ഞ് അമ്പതിന് താഴെയെത്തി. അമേരിക്കന്‍ അഭ്യര്‍ഥനയും, ഇറാന്‍ ഉപരോധവും കണക്കിലെടുത്ത് സൗദി അറേബ്യ എണ്ണ വിതരണം കൂട്ടിയിരുന്നു. സൗദി എണ്ണോത്പാദനം തുടങ്ങിയ ശേഷമുള്ള ഏറ്റവും കൂടിയ വിതരണമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രതിദിനം 11.2 ലക്ഷം ബാരല്‍. സര്‍വ കാല റെക്കോഡാണിത്. ഇതാണ് വില ഇടിയാന്‍ പ്രധാന കാരണമായത്. ക്രൂഡ് ഓയില്‍ ബാരലിന് 49.81 നിരക്കിലാണ് വ്യാഴാഴ്ച വിപണനം നടന്നത്. എന്നാല്‍ ചില കമ്പനികളുമായി ഉത്പാദന നിയന്ത്രണത്തിന് റഷ്യ നീക്കം നടത്തിയതോടെ വൈകീട്ട് വില കൂടുമെന്നാണ് സൂചന. വിലയിടിവ് തടയാന്‍ ഒപെക് കൂട്ടായ്മക്ക് അകത്തും പുറത്തുമുള്ള രാഷ്ട്രങ്ങള്‍ സംയുക്തമായി ഉല്‍പാദന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എങ്കിലും അത്തരം നീക്കങ്ങള്‍ ഫലം കണ്ടിട്ടില്ല. ഇതോടെ അടുത്ത മാസം നടക്കുന്ന ഒപെക് യോഗം അതിനിര്‍ണായകമാകും.