കരിപ്പൂരിന്റെ ശനിദശ മാറുന്നു; സൗദി എയർലൈൻസിന് പിന്നാലെ എയർ ഇന്ത്യയും സൗദിയിലേക്കുള്ള സർവീസ് പുനരാരംഭിക്കുന്നു
|കരിപ്പൂരിന്റെ ശനിദശ മാറുന്നു. സൗദി എയർലൈൻസിന് പിന്നാലെ എയർ ഇന്ത്യയും സൗദിയിലേക്കുള്ള സർവീസ് പുനരാരംഭിക്കുന്നു. ഫ്ലൈ ദുബായിയും കരിപ്പുരിൽ നിന്നുള്ള സർവ്വീസിനു ശ്രമം തുടങ്ങി. വൈകാതെ എമിറേറ്റ്സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികളും കരിപ്പൂരിൽ തിരിച്ചെത്തുമെന്ന് വിമാനത്താവള ഉപദേശക സമിതി ചെയർമാൻ പി കെ കുഞ്ഞാലിക്കുട്ടി എംപി അറിയിച്ചു.
സൗദി എയർലൈൻസ് ഡിസംബർ അഞ്ചിന് കരിപ്പൂരിൽ തിരിച്ചെത്താൻ ഇരിക്കെയാണ് വിമാനത്താവള ഉപദേശകസമിതി യോഗം നടന്നത്. സൗദിയുടെ സർവീസ് പുനരാരംഭിക്കുന്നതിന് പിന്നാലെ വേറെയും കരിപ്പൂരിൽ നിന്നുള്ള സർവീസിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി വിമാനത്താവള ഉപദേശകസമിതി ചെയർമാൻ കൂടിയായ പി കെ കുഞ്ഞാലിക്കുട്ടി എംപി അറിയിച്ചു. ഫ്ലൈ ദുബായിയും കരിപ്പൂരിൽ നിന്നുള്ള സർവീസിനുള്ള തയ്യാറെടുപ്പിലാണ്. ഏറെ വൈകാതെ എമിറേറ്റ്സ് ഉൾപ്പെടെയുള്ള വലിയ വിമാനങ്ങൾ കരിപ്പൂരിൽ ലാൻഡ് ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന പുതിയ ടെർമിനൽ പ്രവർത്തനസജ്ജമായെങ്കിലും ജനുവരി മാസത്തോടെ മാത്രമെ ഉദ്ഘാടനം ചെയ്യപ്പെട്ടു എന്ന് എയർപോർട്ട് ഡയറക്ടർ ശ്രീനിവാസറാവു അറിയിച്ചു. വിമാനത്താവള വികസനത്തിന് ഭാഗമായി മുൻവശത്ത് 15.25 ഏക്കർ സ്വകാര്യ ഭൂമി ഉടൻ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപുറമേ 137 ഏക്കർ ഭൂമിയാണ് വിമാനത്താവളത്തിനായി ഇനി അക്വയർ ചെയ്യാൻ ഉള്ളത്.