സൗദി വീട്ടുജോലിക്കാരുടെ പരാതികള്‍; 21 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണം
|വീട്ടു ജോലിക്കാരുടെ പരാതികള്‍ സംഭവം നടന്ന് ഇരുപത്തിയൊന്ന് ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി നീതിന്യായ മന്ത്രാലയം. ഇതിന് ശേഷമുള്ള പരാതികള്‍ക്ക് നിയമസാധുതയുണ്ടാകില്ല. പ്രശ്നം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ മാത്രമാകും കേസ് ഇനിമുതല്‍ തുടരുക.
കേസുകള്‍ പരമാവധി കോടതിക്ക് പുറത്ത് പരിഹാരിക്കാനുള്ള മാര്‍ഗ നിര്‍ദേശവുമായാണ് നീതിന്യായ മന്ത്രാലയത്തിന്റെ അറിയിപ്പ്. ഇനി മുതല്‍ വീട്ടു ജോലിക്കാരുടെ പരാതികളും പ്രശ്നങ്ങളും സംഭവം നടന്ന് 21 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണം. തൊഴില്‍ മന്ത്രാലയത്തിലാണ് പരാതി നല്‍കേണ്ടത്. പ്രശ്നം കോടതിക്ക് പുറത്ത് പരിഹരിക്കുന്നതിന്റെ ഭാഗമായാണിത്. തൊഴില്‍ മന്ത്രാലയത്തിന്റെ സഹായത്തോടെ എതിര്‍കക്ഷിയുമായി പരിഹാരം ഉണ്ടാകാത്ത പക്ഷം കേസ് കോടതിയിലേക്ക് മാറ്റും. ഇതിന് ശേഷവും അഞ്ച് ദിവസത്തെ ഇടവേളയാണ്. ഈ ഇടവേളയിലും കേസ് തീര്‍പ്പാകാനുള്ള ശ്രമം നടത്തണം. പരാജയപ്പെട്ടാല്‍ മാത്രമാകും പത്ത് ദിവസത്തിന് ശേഷം കേസില്‍ അന്തിമ വിധിയുണ്ടാവുക. ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള കേസുകള്‍ക്കും ഇത് ബാധകമാണ്. തൊഴില്‍ കേസുകള്‍ക്ക് മാത്രമായി ഈയിടെ റിയാദ്, ജിദ്ദ, ദമ്മാം, മക്ക, മദീന, ബുറൈദ, അബഹ എന്നിവിടങ്ങളില്‍ പുതിയ കോടതികള്‍ തുടങ്ങിയിരുന്നു.