Saudi Arabia
സൗദിയില്‍ ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കി; ആശുപത്രി രേഖ ഇനി മുതൽ ഹാജരാക്കേണ്ട
Saudi Arabia

സൗദിയില്‍ ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കി; ആശുപത്രി രേഖ ഇനി മുതൽ ഹാജരാക്കേണ്ട

Web Desk
|
17 Jan 2019 2:18 AM GMT

സൗദിയില്‍ ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടികൾ സിവിൽ രജിസ്‌ട്രേഷൻ വിഭാഗം ലളിതമാക്കി. ആശുപത്രികളിൽനിന്നുള്ള ബെർത്ത് നോട്ടിഫിക്കേഷൻ രേഖ ഇനി മുതൽ സിവിൽ അഫയേഴ്‌സ് ഓഫീസിൽ ഹാജരാക്കേണ്ടതില്ല. ആശുപത്രികളും സിവിൽ അഫയേഴ്‌സ് ഓഫീസുകളും ആരോഗ്യ മന്ത്രാലയം ഓൺലൈൻ മുഖേന ബന്ധിപ്പിച്ചു.

സൗദിയിലെ ജനന രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ ഇങ്ങിനെയാണ്

ജനനം നടന്നയുടനെ പിതാവ് ആശുപത്രിയിലെ അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തില്‍ ജനിച്ച കാര്യം രജിസ്റ്റർ ചെയ്യണം. ഈ നോട്ടിഫിക്കേഷന്‍ സിവില്‍ രജിസ്ട്രേഷന്‍ വിഭാഗത്തിന് നേരിട്ട് ലഭിക്കും. നേരത്തെ ഇതിന്റെ രേഖ രക്ഷിതാവ് ഹാജരാക്കണമായിരുന്നു. ആശുപത്രിയിലെ നോട്ടിഫിക്കിഷേന്‍‌ രജിസ്ട്രേഷന് ശേഷം അബ്ശിർ വഴി തീയതിയും സമയവും സിവിൽ രജിസ്‌ട്രേഷൻ ഓഫീസും തെരഞ്ഞെടുക്കാം. ശേഷം ആവശ്യമായ രേഖകൾ സഹിതം നിശ്ചിത ഓഫീസിൽ ചെല്ലുക. ഇവിടെ രക്ഷിതാക്കളുടെ അസ്സല്‍ പാസ്പോര്‍ട്ടും ഇഖാമയും അപേക്ഷ ഫോമും നല്‍കിയാല്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ജനനം നടന്ന് മുപ്പത് ദിവസത്തിനകം തന്നെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. വൈകിയാല്‍ പിഴയുണ്ടാകും.

നേരത്തെ അബ്ശിർ വഴി തീയതിയും സമയവും ഓഫീസും തെരഞ്ഞെടുത്ത ശേഷം നിശ്ചിത സമയത്ത് ഓഫീസിൽ ഹാജരാകുമ്പോൾ ആശുപത്രിയിൽനിന്ന് ലഭിച്ച ബെർത്ത് നോട്ടിഫിക്കേഷൻ നിർബന്ധമായിരുന്നു.

ജനനം നടന്ന് 30 ദിവസത്തിന് ശേഷമാണ് ഓഫീസിൽ ഹാജരാകുന്നതെങ്കിൽ 50 റിയാൽ പിഴ അടയ്ക്കണം. സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നത് വൈകിയാൽ ഒരോ വർഷത്തിനും 50 റിയാൽ വീതമാണ് പിഴ നൽകേണ്ടത്. ജനനം നടന്ന് എട്ട് വർഷത്തിന് മുമ്പ് തന്നെ സിവിൽ രജിസ്‌ട്രേഷൻ ഓഫീസിൽ പിതാവ് നേരിട്ടെത്തി സർട്ടിഫിക്കറ്റ് കരസ്ഥമാക്കണം.

നഷ്ടപ്പെട്ട സർട്ടിഫിക്കറ്റിന് പകരം മറ്റൊന്ന് ലഭിക്കണമെങ്കിൽ പ്രാദേശിക അറബ് പത്രത്തിൽ പരസ്യം നൽകി അബ്ശിർ വഴി ഒരു മാസം കഴിഞ്ഞുള്ള തീയതിയും സമയവും സ്ഥലവും തെരഞ്ഞെടുത്താണ് സിവിൽ ഓഫീസിലെത്തേണ്ടത്. ഈ സർട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തിന്റെ സാക്ഷ്യപ്പെടുത്തലും പൂർത്തിയാക്കിയ ശേഷം എംബസിയിലോ കോൺസുലേറ്റിലോ സമർപ്പിച്ച് ഇന്ത്യൻ ജനന സർട്ടിഫിക്കറ്റ് സ്വന്തമാക്കണം. ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടികൾ സിവിൽ രജിസ്‌ട്രേഷൻ വിഭാഗം (അഹ്‌വാലുൽ മദനി) ലളിതമാക്കിയത് പ്രവാസികള്‍ക്കും ഗുണമാകും.

Similar Posts