സൗദിയില്‍ മദ്യ - മയക്കുമരുന്ന് പരിശോധന: മലയാളികളടക്കം അമ്പതിലേറെ പേര്‍ പിടിയില്‍
|അസംസ്കൃത വസ്തുക്കള്‍ സംഘടിപ്പിച്ച് സ്വയം ഉണ്ടാക്കിയാണ് മദ്യ വില്‍പ്പന
സൗദി കിഴക്കന്‍ പ്രവിശ്യയില്‍ മദ്യ - മയക്കുമരുന്ന് പരിശോധനയില്‍ മലയാളികളടക്കം അമ്പതിലേറെ പേര്‍ പിടിയിലായി. വിവിധ ലോബികള്‍ക്കെതിരായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേര്‍ അറസ്റ്റിലായത്. ഇതോടെ സമാന കേസുകളില്‍ ജയിലിലായ ഇന്ത്യക്കാരുടെ എണ്ണം 150 കവിഞ്ഞു.
ദമ്മാം, ജുബൈല്‍, ഖത്തീഫ് ഭാഗങ്ങളില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, പാക്കിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഉള്‍പ്പെടയുള്ള സംഘങ്ങളായാണ് ഇവരുടെ പ്രവര്‍ത്തനം. ഇതില്‍ 16 പേര്‍ മലയാളികളാണ്. പ്രവിശ്യയിലെ തൊഴിലാളി ക്യാമ്പുകള്‍, കമ്മ്യുണിറ്റി സ്കൂളുകള്‍, ആളൊഴിഞ്ഞ ഗല്ലികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്.
അസംസ്കൃത വസ്തുക്കള്‍ സംഘടിപ്പിച്ച് സ്വയം ഉണ്ടാക്കിയാണ് മദ്യ വില്‍പ്പന. മയക്കു മരുന്ന്‍ രാജ്യത്ത് എത്തിക്കുന്നത് ഇതര രാജ്യങ്ങളില്‍ നിന്നാണ്. ലഹരി വസ്തുക്കള്‍ക്കെതിരെ വധശിക്ഷ ഉള്‍പ്പെടെ ശക്തമായ നിയമം നിലനില്‍ക്കുന്ന രാജ്യമാണ് സൌദി അറേബ്യ. പ്രവിശ്യയിലെ ജയിലുകളില്‍ ഇന്ത്യന്‍ എംബസ്സി അതികൃതരുടെ നേതൃത്വത്തില്‍ നടത്തിയ കണക്കെടുപ്പില്‍ നൂറിലേറെ ഇന്ത്യക്കാര്‍ നേരത്തെ ഇത്തരം കേസുകളില്‍ കഴിയുന്നതായി കണ്ടെത്തിയിരുന്നു. ദമ്മാം ഇന്ത്യന്‍ സ്കൂള്‍ പരിസരം കേന്ദ്രീകരിച്ചും ഇത്തരം ലോബികള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍ പെട്ടതായി സ്കൂള്‍ അതികൃതര്‍ തന്നെ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.