സൗദിയില്‍ വ്യാപാര മേഖലയില്‍ നിന്നും വിദേശികളുടെ വന്‍ കൊഴിഞ്ഞുപോക്ക്
|മൂന്ന് മാസത്തിനിടെ ഇരുപത്തി ഏഴായിരത്തിലധികം പേര്‍ ഈ മേഖലയില്‍ നിന്ന് ജോലിയുപേക്ഷിച്ചു പോയതായി പഠനങ്ങള്‍
സൗദിയില്‍ ചില്ലറ മൊത്ത വ്യാപാര മേഖലയില്‍ നിന്ന് വിദേശികളുടെ കൊഴിഞ്ഞ് പോക്കില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇരുപത്തി ഏഴായിരത്തിലധികം പേര്‍ ഈ മേഖലയില്‍ നിന്ന് ജോലിയുപേക്ഷിച്ചു പോയതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ ചില്ലറ മൊത്ത വ്യാപാര മേഖലിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണത്തിലാണ് വന്‍കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഈ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത് ഇരുപത്തി ഏഴായിരത്തി അറുനൂറ് പേര്‍. സൗദിയില്‍ ചില്ലറ മൊത്ത വ്യാപാര മേഖലയില്‍ പത്തൊമ്പത് ലക്ഷത്തി അറുപത്തി അയ്യായിരം പേരാണ് മൊത്തം ജോലി ചെയ്യുന്നത്. ഇവരില്‍ പതിനഞ്ച് ലക്ഷത്തി മുപ്പത്തിയെട്ടായിരം പേര്‍ വിദേശികളാണ്. മൊത്തം തൊഴിലാളികളുടെ എഴുപത്തിയെട്ട് ശതമാനത്തോളം വരും ഇത്. ബാക്കി വരുന്ന നാല്‍ലക്ഷത്തി ഇരുപത്തിയാറായിരത്തി എഴുന്നുറ് പേര്‍ സ്വദേശികളുമാണ്.
സ്വദേശികളില്‍ ഭൂരിഭാഗവും വനിതാ ജീവനക്കാരാണ്. ഒരു ലക്ഷത്തി എണ്‍പത്തിയെട്ടായിരത്തി അഞ്ഞൂറ് പേര്‍. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ ഇന്ഷൂറന്സ് സര്‍വീസ് അഥവാ ഗോസിയാണ് കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. രാജ്യത്ത് നടപ്പിലാക്കിയ തൊഴില്‍ പരിഷ്‌കരണങ്ങളുടെയും സ്വദേശി വല്‍ക്കരണത്തിന്റെയും ഭാഗമായാണ് ചില്ലറ മൊത്ത വ്യാപാര മേഖലയില്‍ നിന്ന് വിദേശികളുടെ കൊഴിഞ്ഞു പോക്കിന് ഇടയാക്കിയത്. ചില്ലറ മൊത്ത വ്യാപാര മേഖലയിലെ വിവിധ സെക്ടറുകളില്‍ എഴുപത് മുതല്‍ നൂറ് ശതമാനം വരെ സ്വദേശി വല്‍ക്കരണം നടപ്പിലായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് വിദേശികളുടെ കൊഴിഞ്ഞ് പോക്കില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.